m-balraj

കാഞ്ഞങ്ങാട്: നിയമസഭ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥിയെ സംബന്ധിച്ച് ചർച്ചകൾ മുറുകി.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിനായിരുന്നു മണ്ഡലം ബി.ജെ.പി നൽകിയത്. പ്രവാസി വ്യവസായി എ.പി. രാഘവനാണ് അന്ന് ആദ്യം മത്സരിച്ചത്.

എന്നാൽ 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് പോലും ബിഡിജെഎസ് സ്ഥാനാർത്ഥിക്ക് കിട്ടിയില്ല. അതുകൊണ്ടു തന്നെ ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥി തന്നെ മണ്ഡലത്തിൽ മത്സരിക്കാനാണ് സാദ്ധ്യത ഏറെ . പാർട്ടി ജില്ലാവൈസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ എം..ബൽരാജ് നായ്കിന്റെ പേരാണ് പാർട്ടി നേതൃത്വം പരിഗണിക്കുന്നത്. മണ്ഡലം കമ്മിറ്റി ബൽരാജിന്റെ പേരാണ് മേൽഘടകത്തിന് നൽകിയിട്ടുള്ളത്. കാഞ്ഞങ്ങാട് നഗരസഭ ഉൾപ്പെടെ ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് മണ്ഡലത്തിന്റെ പരിധിയിലുള്ളത്.

ഇതിലെല്ലായിടത്തും ബി.ജെ.പിക്ക് ചെറിയതോതിൽ വോട്ട് ബാങ്കുകളുണ്ട്. അതിനോടൊപ്പം നിഷ്പക്ഷ വോട്ടുകൂടിയാകുമ്പോൾ ഇടതുവലതു സ്ഥാനാർത്ഥികൾക്ക് ഭീഷണിയുയർത്താൻ കഴിയുമെന്നാണ് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നത്. കാഞ്ഞങ്ങാട്ട് ദീർഘകാലമായി വ്യാപാരരംഗത്തുള്ളയാളാണ് ബൽരാജ് .