
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് കാസർകോട് ജില്ലയും കടന്നു. രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു ചേർത്ത് ജില്ലാ ഭരണകൂടം ഒരുക്കങ്ങൾ വിലയിരുത്തി. അതേസമയം, മുന്നണികൾ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ഓട്ടത്തിലാണ്. അടുത്ത ആഴ്ചയോടെ മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഗോദയിൽ ഇറങ്ങുമെന്നാണ് കരുതുന്നത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് സിറ്റിംഗ് സീറ്റിൽ സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു.
യു.ഡി.എഫിലും ബി.ജെ.പിയിലും ആലോചനകൾ മുറുകിയിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കാസർകോട് , മഞ്ചേശ്വരം മണ്ഡലങ്ങൾ ഉൾപ്പെടെ വടക്കൻ ജില്ലയിൽ ഇത്തവണ പോരാട്ടം കനക്കും. അഞ്ച് മണ്ഡലങ്ങളിലും പടക്കളത്തിൽ ഇറങ്ങുന്നത് ആരായിരിക്കുമെന്ന ചർച്ചയിലാണ് വോട്ടർമാർ. സിറ്റിംഗ് എം.എൽ.എമാരിൽ ആരൊക്കെ മത്സര രംഗത്തുണ്ടാകും എന്നാണ് അറിയാനുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരന് മൂന്നാം തവണയും പോരിന് ഇറങ്ങാൻ സി.പി.ഐ നേതൃത്വം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, എം. രാജഗോപാലൻ ( തൃക്കരിപ്പൂർ ), കെ. കുഞ്ഞിരാമൻ (ഉദുമ ), എൻ.എ. നെല്ലിക്കുന്ന് (കാസർകോട്), എം.സി. ഖമറുദ്ദീൻ ( മഞ്ചേശ്വരം) എന്നിവരുടെ കാര്യങ്ങൾ ഇപ്പോഴും തുലാസിലാണ്.
മഞ്ചേശ്വരം എം.എൽ.എ ഖമറുദ്ദീനെ ഫാഷൻ ഗോൾഡ് തട്ടിപ്പും ജയിൽവാസവും കാരണം പ്രതിച്ഛായ നഷ്ടപ്പെട്ടതിനാൽ ലീഗ് നേതൃത്വം മാറ്റിനിറുത്തും. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാത്ഥിത്വം കൊതിച്ചിരുന്ന എ.കെ.എം. അഷ്‌റഫ് ലീഗിന്റെ പട്ടികയിലുണ്ട്.
എൻ.എ. നെല്ലിക്കുന്ന് രണ്ട് തവണ പൂർത്തിയാക്കിയതിനാൽ പകരം കെ.എം. ഷാജിയെ ഇറക്കാനാണ് ലീഗ് ആലോചിക്കുന്നത്. എന്നാൽ, ജില്ലക്കാർ മതിയെന്ന നിലപാട് കനപ്പിക്കുകയാണ് ജില്ലാ ലീഗ് നേതൃത്വം. കെ. കുഞ്ഞിരാമന്റെയും എം. രാജഗോപാലിന്റെയും കാര്യത്തിൽ സി.പി.എം നേതൃത്വം പച്ചക്കൊടി കാണിച്ചിട്ടില്ല. ഉദുമയിൽ സി.എച്ച്. കുഞ്ഞമ്പുവിനെയും തൃക്കരിപ്പൂരിൽ ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനെയും മത്സരിപ്പിക്കുന്നതിന് നീക്കം നടക്കുകയാണ്.
കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകളിലാണ് ബി.ജെ.പി നേതൃത്വം. മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കണ്ടെത്താൻ അണികൾക്കിടയിൽ അഭിപ്രായ സർവ്വേ തുടങ്ങിയിട്ടുണ്ട്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നിലവിൽ എൽ.ഡി.എഫിന് മൂന്നും യു.ഡി.എഫിന് രണ്ടും സീറ്റാണുള്ളത്. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങൾ യു.ഡി.എഫിന് ഒപ്പവും ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങൾ എൽ.ഡി.എഫിനൊപ്പവുമാണ്. ബി.ജെ.പിക്ക് സീറ്റൊന്നും ഇല്ലെങ്കിലും രണ്ട് മണ്ഡലങ്ങളിൽ അവർ രണ്ടാം സ്ഥാനത്തുണ്ട്.
89 വോട്ടിനാണ് 2016 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മഞ്ചേശ്വരത്ത് അടിയറവ് പറഞ്ഞത്. മുസ്ലിം ലീഗിന്റെ പി.ബി. അബ്ദുൽ റസാഖിനോട് ഏറ്റുമുട്ടിയ ബി.ജെ.പിയുടെ കെ. സുരേന്ദ്രന് കുറഞ്ഞ വോട്ടിനാണ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാൽ പി.ബി. അബ്ദുൾ റസാഖിന്റെ മരണത്തെ തുടർന്ന് ഉണ്ടായ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വ്യക്തമായ ലീഡ് തിരിച്ചു വന്നു.
മൂന്ന് മുന്നണികൾക്കും വിജയപ്രതീക്ഷ നൽകുന്ന അപൂർവം മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. കുറെ വർഷങ്ങളായി ബി.ജെ.പി രണ്ടാം സ്ഥാനത്തുണ്ട്. ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന മണ്ഡലങ്ങളിലൊന്ന് മഞ്ചേശ്വരമായിരിക്കും. നിലവിലെ എം.എൽ.എ എം.സി. ഖമറുദ്ദീൻ, ഫാഷൻ ഗോൾഡ് ജ്വലറി തട്ടിപ്പ് കേസിൽ ജയിലിൽപോകേണ്ടി വന്നത് ഇരു മുന്നണികളും ആയുധമാക്കും.
ബി.ജെ.പി ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്ന മണ്ഡലമാണ് കാസർകോട്. 1977 മുതൽ തുടർച്ചയായി മുസ്ലിം ലീഗ് വിജയിച്ചു വരുന്നു. കാൽ നൂറ്റാണ്ട് കാലം സി. ടി. അഹമ്മദാലി  എം.എൽ.എ ആയിരുന്നു. കഴിഞ്ഞ തവണ 8,607 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൻ.എ. നെല്ലിക്കുന്ന് വിജയിച്ചത്.
കണ്ണൂരിന്റെ പടക്കുതിര കെ. സുധാകരന്റെ വരവോടെ സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പാണ് 2016ൽ ഉദുമയിൽ നടന്നത്. എന്നാൽ 3882 വോട്ടിന് കെ. കുഞ്ഞിരാമൻ ജയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അട്ടിമറിക്ക് കാരണമായ പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകം നടന്നത് ഈ മണ്ഡലത്തിലാണ്.
സി.പി.എമ്മിന്റെ കുത്തക മണ്ഡലങ്ങളിലൊന്നാണ് തൃക്കരിപ്പൂർ. 1977 മുതൽ സി.പി.എം മാത്രമാണ് ഇവിടെ ജയിച്ചു വരുന്നത്. രണ്ട് തവണ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരും വിജയിച്ചിട്ടുണ്ട്. ഇ.എം.എസ് 1957ൽ ജയിച്ച് മുഖ്യമന്ത്രിയായ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിലെ പ്രദേശങ്ങളും ഇപ്പോൾ തൃക്കരിപ്പൂരിന്റെ ഭാഗമാണ്.