child

പാനൂർ: സഹപാഠിയായ വിദ്യാർത്ഥിനിയ്ക്കൊപ്പം വന്നതിന്റെ പേരിൽ പത്താംക്ളാസുകാരനെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച ഓട്ടോഡ്രൈവർക്ക് സ്റ്റേഷൻ ജാമ്യം നൽകി പാനൂർ പൊലീസ്. 323ാം വകുപ്പ് പ്രകാരം കൈകൊണ്ട് അപകടകരമല്ലാത്ത രീതിയിൽ അടിച്ചുവെന്ന നിസാരകുറ്റമാണ് ഈയാളുടെ പേരിൽ ചുമത്തിയത്. പരാതി നൽകിയപ്പോൾ തന്നെ ഒത്തുതീർക്കാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയതായി കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു.

തിങ്കളാഴ്ച വൈകിട്ടാണ് മോഡൽ പരീക്ഷ കഴിഞ്ഞ് സഹപാഠിയായ വിദ്യാർത്ഥിനിയോടൊപ്പം വരികയായിരുന്ന പത്താംക്ളാസുകാരനെ മുത്താറിപ്പീടികയിലെ ഓട്ടോ ഡ്രൈവർ ജനീഷ് മർദ്ദിച്ചത്. ചെണ്ടയാട് സ്വദേശിയായ മൊകേരി രാജീവ് ഗാന്ധി സ്കൂൾ വിദ്യാർത്ഥിയെയാണ് മുത്താറിപ്പീടികയിലെ ഓട്ടോ സ്റ്റാന്റിനടുത്തു വച്ച് ജനീഷ് കൈകാര്യം ചെയ്തത്. പെൺകുട്ടിയോട് സംസാരിച്ചത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം. മർദ്ദനത്തിന്റെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വന്നതോടെയാണ് വിവാദമായത്. ചൊവ്വാഴ്ച വൈകിട്ടോടെ പ്രതിയെ പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുസംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ജനീഷിന് ഉന്നതതലത്തിൽ പിടിപാടുള്ളതുകൊണ്ടാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്രൂരമായി മർദ്ദിച്ചിട്ടും ജാമ്യം ലഭിച്ചതിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു. ഇതിനിടെ മർദ്ദനമേറ്റ കുട്ടിയെ മോശമാക്കി ചിത്രീകരിച്ച് ജിനീഷ് തയ്യാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.