kattana

കണ്ണൂർ: കാട് വിട്ട് നാട്ടിലിറങ്ങുന്ന ആനകളുടെ വിഹാരം പകലും തുടരുന്നു. ആറളം വനമേഖലയിൽ ഇതേവരെ എട്ടുപേരുടെ ജീവനെടുത്തത് കാട്ടാനകളാണ്. ഓരോ സംഭവം നടക്കുമ്പോഴും സർക്കാർ വാഗ്ദാനങ്ങളുടെ കെട്ടഴിച്ച് വിടും. ഏറ്റവും ഒടുവിൽ 2020 ഏപ്രിൽ 25നാണ് ആറളം ഫാമിലെ തൊഴിലാളിയായ ദന്തപ്പാല നാരായണൻ (55) കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പടുന്ന എട്ടാമനാണ് നാരായണൻ. കാട്ടാന ശല്യം ചെറുക്കാൻ വൈദ്യുതി വേലി, കിടങ്ങ് എന്നിവ നിർമ്മിക്കുമെന്ന് സർക്കാർ പലവട്ടം പ്രഖ്യാപനം നടത്തിയെങ്കിലും കാര്യമായി ഒന്നും ഉണ്ടായില്ലെന്നതാണ് നാട്ടുകാരുടെ അനുഭവം.

രാത്രി മാത്രം കാടുവിട്ട് നാട്ടിലിറങ്ങുന്ന കാട്ടാനകൾ ഇപ്പോഴാകട്ടെ പകലും ജനവാസ കേന്ദ്രത്തിൽ സ്വൈരവിഹാരം നടത്തുകയാണ്. ബുധനാഴ്ച പായം, ആറളം, മുഴക്കുന്ന് മേഖലയെ ഭീതിയിലാഴ്ത്തി ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ വൈകീട്ട് 5 മണിയോടെയാണ് വനപാലകർ തുരത്തി ആറളം ഫാം മേഖലയിലേക്ക് വിട്ടത്. ഒരു പകൽ മുഴുവൻ കാട്ടാന ആറളം പുഴക്കരയിൽ തമ്പടിച്ചത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച രാത്രിയോടെ ഇറങ്ങിയ കാട്ടാന ആറളം ഫാമും കടന്ന് പത്ത് കിലോമീറ്റർ ദൂരെ ഉള്ള പായത്ത് എത്തി തിരിച്ച് പൂതക്കുണ്ടിലെ പുഴയോരത്തുള്ള പുറമ്പോക്കിലെ പൊന്തക്കാടുകൾക്കിടയിൽ തമ്പടിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് വനപാലക സംഘം രാവിലെ മുതൽ തന്നെ കാട്ടാനയെ നിരീക്ഷിച്ചിരുന്നു. ഇതേ സമയം ആറളം ഹയർ സെക്കൻഡറി സ്‌കൂൾ വിടുകയും വിദ്യാർത്ഥികൾ റോഡിലൂടെ പോവുന്നതും ഭീതിയുണർത്തി. ഇതിനിടെ കാട്ടന പുഴകടന്ന് അയ്യപ്പൻകാവ് മേഖലയിലേക്ക് നീങ്ങി. തുടർന്ന് വീണ്ടും ഇതേ സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തി. ഇവിടെ നിന്നും വീണ്ടും തുരത്താൻ ശ്രമിക്കുന്നതിനിടെ പുഴയോരത്തെത്തിയ പോത്തനെ കാട്ടാന ആക്രമിക്കാനുള്ള ശ്രമവും നടത്തി . തുടർന്ന് ആറളം പുഴയിലൂടെ കാപ്പുംകടവ് വഴി ആറളം ഫാമിലേക്ക് പോയതോടെയാണ് ജനങ്ങൾക്ക് ആശ്വാസമായത്. ആറളം ഫാമിൽ തമ്പടിച്ച കാട്ടാനക്കൂട്ടമാണ് ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത്. സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർ വീടുകളിൽ അടച്ചിരിക്കേണ്ട അവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്.