thalaseemia

ഒരു വർഷം മരണപ്പെട്ടത് 10 തലാസീമിയ രോഗികൾ

കണ്ണൂർ: ഓരോ തിരഞ്ഞെടുപ്പിലും ജീവൻ രക്ഷാമരുന്നും വിദഗ്ദ്ധ ചികിത്സയും ആവശ്യപ്പെട്ടു സമീപിക്കുമ്പോഴൊക്കെ ഉറപ്പുകൾ നൽകാറുള്ള രാഷ്ട്രീയ പാർട്ടികൾ പിന്നീട് അതിനുവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നതിൽ രക്തജന്യ രോഗികൾക്ക് ശക്തമായ പ്രതിഷേധം. നിരവധി സമരങ്ങൾ ചെയ്തിട്ടും നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടാവാതെ വന്നപ്പോഴായിരുന്നു പത്ത് വർഷം മുമ്പ് ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയത്.

എന്നാൽ ജീവൻ രക്ഷാ മരുന്നുകളും വിദഗ്ദ്ധ ചികിത്സാകേന്ദ്രങ്ങളും അനുവദിക്കാമെന്ന് പ്രധാനപ്പെട്ട മൂന്ന് മുന്നണികളും ഉറപ്പു തന്നതിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥിയെ പിൻവലിക്കുകയായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തുമായി മൂന്നു മുന്നണികളും നീണ്ട കാലം മാറിമാറി ഭരണം കൈയാളിയിട്ടും മാരക രക്തജന്യ രോഗികൾക്ക് നൽകിയ ഉറപ്പു പാലിക്കാൻ ഇതുവരെ ആരും തയാറായിട്ടില്ല. കഴിഞ്ഞ ഒരുവർഷത്തിനിടെ 10 തലസാസീമിയ രോഗികൾ മരണത്തിനു കീഴടങ്ങിയതായും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഉറപ്പുകൾ പാലിച്ചില്ല

മാരകരോഗികളുടെ സമ്പൂർണ്ണ ചികിത്സ സൗജന്യമാക്കുമെന്ന് അന്ന് നൽകിയ ഉറപ്പ് നടപ്പാക്കുന്നതും കാത്ത് നിസ്സഹായരായ രോഗികൾ നീണ്ട പത്ത് വർഷം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇടതുസർക്കാർ അതിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ തന്നെ മാരകരോഗികളുടെ സമ്പൂർണ്ണ ചികിത്സ സൗജന്യമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടപ്പാക്കുകയുണ്ടായില്ല.

മുന്നണികൾ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് പിന്നീടു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലേക്ക് മാർച്ച് നടത്താൻ രക്തജന്യ രോഗികൾ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ രോഗികളും രക്ഷിതാക്കളും സി.പി.എം.നേതാവ് പ്രകാശ് കാരാട്ട് പങ്കെടുത്ത പൊതുയോഗത്തിലേക്ക് മാർച്ച് നടത്തിയിരുന്നു.

ഇതിനകം സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്ത നിരവധി രോഗികളാണ് ജീവൻ രക്ഷാ മരുന്നും വിദഗ്ദ്ധ ചികിത്സയും ലഭിക്കാതെ മരണത്തിന് കീഴ്‌പെട്ടത്. ഈ സ്ഥിതി തുടർന്നു പോകുന്നതിൽ അങ്ങേയറ്റത്തെ ആശങ്കയിലാണ് ഇന്ന് രോഗികളും രക്ഷിതാക്കളും. അതുകൊണ്ട് അധികാരത്തിലേറി ആദ്യ രണ്ടുമൂന്ന് മാസങ്ങൾക്കകം തന്നെ മാരക രോഗികളുടെ മുഴുവൻ ജീവൻ രക്ഷാ മരുന്നുകളും നൽകാനും വിദഗ്ദ്ധ ചികിത്സാസൗകര്യവും ഉറപ്പുനൽകിയാൽ തിരഞ്ഞെടുപ്പിൽ സഹകരിക്കാമെന്നാണ് രോഗികളുടെയും രക്ഷിതാക്കളുടെയും ഇപ്പോഴത്തെ തീരുമാനം.

കരീം കാരശ്ശേരി , സ്റ്റേറ്റ് ജന. കൺവീനർ, ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ, കേരള .