പാനൂർ: പൊയിലൂരിലെ വേങ്ങാത്തോട്ടിൽ പുതുതായി ആരംഭിച്ച ക്വാറിക്കെതിരെയുള്ള സമരത്തിനിടെ വീണ്ടും സംഘർഷം. ക്വാറി സമരം റിപ്പോർട്ട് ചെയ്യാനെത്തിയ ഓൺലൈൻ മാദ്ധ്യമപ്രവർത്തക ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു
ക്വാറിക്കെതിരെ നാട്ടുകാർ കഴിഞ്ഞ മാസം 18 മുതൽ പന്തൽ കെട്ടി സമരത്തിലാണ്. ക്വാറി നടത്താൻ ഉടമ ഹൈക്കോടതിയിൽ നിന്നും അനുമതി വാങ്ങിയിരുന്നു. കോടതി നിർദ്ദേശം നടപ്പിലാക്കുമെന്ന നിലപാടിലായിരുന്നു പൊലീസ് .
എന്നാൽ സ്ത്രീകളും കുട്ടികളുമടക്കം സമരത്തിൽ അണിനിരന്നതോടെ പൊലീസ് നടപടി മയപ്പെടുത്തുകയായിരുന്നു. സമരം 15ാം ദിവസേത്തേക്ക് കടന്ന ഇന്നലെ ഹിറ്റാച്ചി ഉൾപ്പെടെയുള്ള വാഹനങ്ങളുമായി ക്വാറിയിലേക്ക് കടക്കാനുള്ള നീക്കം സമരക്കാർ റോഡിൽ കുത്തിയിരുന്നു തടഞ്ഞു. വഴി തടഞ്ഞ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ തുടങ്ങിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു.
തുടർന്ന് യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് മനോജ് പൊയിലൂർ തുടങ്ങി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. കൊളവല്ലൂർ സി.ഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ബി.ജെ.പി - ആർ.എസ്.എസ് നേതാക്കളായ പി. സത്യപ്രകാശ്, വി.പി സുരേന്ദ്രൻ, മനോജ് പൊയിലൂർ, വി. പ്രമോദ് തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി.