school

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂൾ കലോത്സവം കൊടിയിറങ്ങി വർഷം പിന്നിടുമ്പോഴും കലോത്സവ പ്രതിഭകൾക്കുള്ള സമ്മാനത്തുകയ്ക്കുവേണ്ടി കാത്തിരിപ്പ് തുടരുകയാണ്. 2019 ഡിസംബറിലാണ് കാഞ്ഞങ്ങാട്ട് സംസ്ഥാന സ്‌കൂൾ കലോത്സവം നടന്നത്. മത്സരത്തിൽ എ ഗ്രേഡ് ലഭിക്കുന്ന കുട്ടികൾക്ക് 1000 രൂപയാണ് സമ്മാനത്തുക.

രണ്ടു വർഷം മുമ്പ് വരെ കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ കലോത്സവ കൺവീനറുടെ പേരിൽ തുക മൊത്തമായി അയക്കാറായിരുന്നു പതിവ് . മികച്ച വിജയം നേടുന്ന സ്‌കൂളുകൾക്ക് ഒരു ലക്ഷം വരെ തുക കിട്ടിയിരുന്നു. ഈ തുക അസംബ്ലിയിലോ മറ്റ് പൊതു ചടങ്ങുകളിലോ പ്രതിഭകൾക്ക് വിതരണം ചെയ്തിരുന്നു. കൂടുതൽ സുതാര്യതയ്ക്കുവേണ്ടിയാണ് തുക കുട്ടികളുടെ അക്കൗണ്ടിലേക്ക് അയയ്ക്കാൻ തീരുമാനമായത്. കാഞ്ഞങ്ങാട്ട് നടന്ന കലോത്സവത്തിലെ പ്രതിഭകളുടെ അക്കൗണ്ടുകളിലേക്ക് പണം എത്താതായതോടെയാണ് ആക്ഷേപം ഉയർന്നത്. അക്കൗണ്ട് നമ്പർ ശരിയാംവണ്ണം നൽകാത്തതുകൊണ്ടാകണം പണം കൈമാറാൻ കഴിയാതെ വന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ബാങ്ക് അക്കൗണ്ടുകളിലെ തെറ്റുകൾ തിരുത്തി പണം കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.