
കാഞ്ഞങ്ങാട്: അരനൂറ്റാണ്ടുകാലത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരിക്കൽ മാത്രം കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചിട്ടുള്ള കാഞ്ഞങ്ങാട് മണ്ഡലത്തിൽ ആസന്നമായ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആരെന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. മന്ത്രി ഇ. ചന്ദ്രശേഖരൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ അദ്ദേഹം തന്നെയാകും ഇടതുമുന്നണി സ്ഥാനാർത്ഥി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ നേരിട്ടത് അന്തരിച്ച കോൺഗ്രസ് നേതാവ് എ. ഗംഗാധരൻ നായരുടെ മകൾ ധന്യ സുരേഷാണ്. അവരെ കാൽലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചന്ദ്രശേഖരൻ പരാജയപ്പെടുത്തിയത്. വരുന്ന തിരഞ്ഞെടുപ്പിൽ ധന്യ സുരേഷ് തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് കേൾക്കുന്നത്. അവർക്കു പുറമെ കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, അഡ്വ. കെ.കെ. നാരായണൻ, രാജു കട്ടക്കയം എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മണ്ഡലത്തിലും യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനുതന്നെയായിരുന്നു മുൻതൂക്കം. എന്നാൽ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് വന്നപ്പോൾ ഇടതു മുന്നണി ഏറെ മുന്നിലെത്തി. മണ്ഡലത്തിലെ ഏഴ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ അഞ്ചും എൽ.ഡി.ഫിനൊപ്പമാണ്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടല്ല നിയമസഭ തിരഞ്ഞെടുപ്പിൽ വീഴുകയെന്ന് യു.ഡി.എഫ് മണ്ഡലം കൺവീനർ അബ്രഹാം തോണക്കര പറയുന്നു. ഇത്തവണ മണ്ഡലം യു.ഡി.എഫ് പിടിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണനും വ്യക്തമാക്കി. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവരുമെന്നാണ് ഇവർ പറയുന്നത്.