chernathala
ചെർണത്തല ചാലിന് കുറുകെയുള്ള താൽക്കാലിക പാലം

നീലേശ്വരം: മിക്ക പ്രദേശങ്ങളിലും മികച്ച റോഡുകളും പാലങ്ങളുമൊക്കെ പൂർത്തിയാക്കിയപ്പോഴും കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്തിൽപെട്ട ചെർണത്തല ഇതിന് അപവാദമാണ്. ഇപ്പോൾ വരണ്ടുകിടക്കുകയാണെങ്കിലും വർഷകാലത്ത് സംഹാരഭാവത്തോടെ ഒഴുകുന്ന വലിയ ചാൽ ഇവർ കടക്കേണ്ടത് കമുക് ഉപയോഗിച്ചുള്ള ഈ പാലത്തിന് മുകളിലൂടെയാണെന്നറിയുമ്പോൾ ആരും അമ്പരക്കും.

2016ൽ ഇതെ പാലത്തിന് മുകളിൽ നിന്ന് ചെരണത്തല എൽ.പി സ്കൂളിലേക്ക് പോകുകയായിരുന്ന ഒരു കുട്ടി വീണതാണ്. ഭാഗ്യം കൊണ്ട് കുട്ടിയെ രക്ഷിക്കാനായി. ഇതിന് ശേഷം സ്കൂളിലേക്ക് കുട്ടികളെ അയക്കാൻ നാട്ടുകാർ മടിച്ചു. സ്കൂൾ അടച്ചുപൂട്ടലിന്റെ വക്കിലായപ്പോൾ നാട് ഒന്നാകെ ഇറങ്ങി കുട്ടികളെ എത്തിക്കുകയായിരുന്നു. എൽ.പി.സ്കൂളിൽ പഠിക്കുന്ന കുട്ടികൾ അപകടകരമായ പാലം കടന്നുവരണമെന്ന് നിർബന്ധിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇനിയും ഇങ്ങനെ മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലാണ് നാട്ടുകാർ.

മഴക്കാലം വരുമ്പോൾ അഞ്ചുകിലോമീറ്റർ അധികം ചുറ്റണം നാട്ടുകാർക്ക്.

ആറുകോടി വകയിരുത്തി,​ പക്ഷെ എവിടെ

കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി ചെർണത്തല ചാലിന് പാലം പണിയാൻ അനുമതി നൽകിയിരുന്നു. ഇതിനായി ആറ് കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥർ പല കാരണങ്ങൾ പറഞ്ഞ് ജനപ്രതിനിധികളെ തിരിച്ചയക്കുകയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം. നാട്ടുകാർ ഓഫീസിൽ കയറിയിറങ്ങിയാൽ കൃത്യമായി ഫയലിന്റെ വിവരങ്ങൾ പറയാറുമില്ലത്രെ.

കഴിഞ്ഞ 5 വർഷമായി ചെർണത്തല പാലത്തിന് വേണ്ടി ശ്രമം നടത്തുകയാണ്. പലതവണ ഓഫീസുകൾ കയറിയിറങ്ങി.ഉദ്യോഗസ്ഥരടക്കമുള്ളവരിൽ നിന്ന് സഹകരണം ഉണ്ടായില്ല

സി. പ്രഭാകരൻ, മടിക്കൈ പഞ്ചായത്ത് മുൻ പ്രസിഡന്റ്