ഇരിട്ടി: താലൂക്ക് ആശുപത്രിക്ക് സമീപം ഉണ്ടായ വൻ അഗ്നിബാധയിൽ മൂന്ന് ഏക്കറോളം കൃഷിയിടം കത്തിനശിച്ചു. നാട്ടുകാരും ഇരിട്ടി അഗ്നിശമനസേനയും, സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് രണ്ടു മണിക്കൂറോളം നീണ്ട പ്രവർത്തനത്തിന്റെ ഫലമായാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കെ.സി. നിർമ്മല, പി. ശാന്ത എന്നിവരുടെ കൃഷിയിടത്തിൽ അഗ്നിബാധ ശ്രദ്ധയിൽപെട്ടത്. നിറയെ കശുമാവും, തെങ്ങുകളുമുള്ള കൃഷിയിടത്തിലെ ഉണങ്ങിയ പുല്ലിലാണ് തീപ്പിടുത്തമുണ്ടായത്. സമീപത്തെ കടക്കാരും നാട്ടുകാരും തീ അണക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റിൽ തീ ആളിപ്പടരുകയായിരുന്നു. ഇവിടെ എത്താനുള്ള റോഡിലെ വീതിക്കുറവും കയറ്റവും മറ്റും കാരണം അഗ്നിശമനസേനക്ക് ഇവിടെ എത്തുക ദുഷ്‌കരമായിരുന്നു. ഇവർ എത്തുമ്പോഴേക്കും കാറ്റിൽ പടർന്നു. താലൂക്ക് ആശുപത്രിയിൽ രോഗികളെയും കൊണ്ടുവന്ന വാഹനങ്ങളും അപകടഭീഷണിയിലായി. അരമണിക്കൂറോളം ജനങ്ങൾ പരിഭ്രാന്തരായി. ആശുപത്രിയിലെത്തിയവരും നാട്ടുകാരും തീ നിയന്ത്രിക്കാൻ ശ്രമിച്ചു. സമീപ സ്ഥലത്തെ ടവറുകളിലേക്കും വീടുകളിലേക്കും മറ്റും തീ പടരുന്നത് ഒഴിവാക്കാനായി. കെ.സി. നിർമ്മലയുടെ രണ്ടര ഏക്കറോളം സ്ഥലവും പി. ശാന്തയുടെ അര ഏക്കറോളം സ്ഥലവുമാണ് കത്തി നശിച്ചത്. വിവരമറിഞ്ഞ് ഇരിട്ടി നഗരസഭാ അദ്ധ്യക്ഷ കെ. ശ്രീലത, ഉപാദ്ധ്യക്ഷൻ പി.പി. ഉസ്മാൻ, വാർഡ് കൗൺസിലർ നന്ദനൻ എന്നിവർ സ്ഥലത്തെത്തി.