
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാക്കിയ സി വിജിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി പൊതുജനങ്ങൾക്ക് ചട്ടലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അവസരം. മാതൃകാ പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് ചെലവ് ചട്ടങ്ങൾ തുടങ്ങിയവയുടെ ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ യഥാസമയം കമ്മിഷനെ അറിയിക്കാൻ ഈ ആപ്പിലൂടെ സാധിക്കും.
സി വിജിൽ വഴി ലഭിക്കുന്ന പരാതികൾ ജില്ലാതലത്തിലുള്ള ജില്ലാ കൺട്രോൾ സെന്ററിൽ പരിശോധിക്കും. പരാതിയിൽ പറയുന്ന പ്രദേശത്ത് ആ സമയത്തുള്ള നിരീക്ഷണ സ്‌ക്വാഡുകൾക്ക് ഉടൻ വിവരം കൈമാറും. പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 30 മിനുട്ടിനകം ഫീൽഡ് സ്‌ക്വാഡ് വിവരം ജില്ലാതല കേന്ദ്രത്തിന് കൈമാറും. ഇതനുസരിച്ച് ജില്ലാതലത്തിൽ നടപടിയെടുക്കേണ്ട വിഷയങ്ങളിൽ ഉടൻ തന്നെ നടപടിയെടുക്കും. അല്ലാത്ത വിഷയങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും.
പരാതി ഇങ്ങനെ
ആപ്പിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഫോട്ടോ, വീഡിയോ എടുക്കാനും ശബ്ദം റെക്കോഡ് ചെയ്യാനുമുള്ള ഓപ്ഷനുകൾ ലഭിക്കും. ഇവയിൽ അനുയോജ്യമായത് തിരഞ്ഞെടുത്ത് ദൃശ്യമോ ശബ്ദമോ പകർത്തിയ ശേഷം ചട്ടലംഘനത്തിന്റെ സ്വഭാവം തിരഞ്ഞെടുക്കണം. പണം വിതരണം, ഗിഫ്റ്റ്/കൂപ്പൺ വിതരണം, അനുമതിയില്ലാതെ ബാനറുകളോ പോസ്റ്ററുകളോ സ്ഥാപിക്കൽ, ആയുധങ്ങൾ പ്രദർശിപ്പിക്കൽ/ഭീഷണിപ്പെടുത്തൽ, അനുവാദമില്ലാതെ വാഹനം ഉപയോഗിക്കൽ, നിരോധനമുള്ള സമയത്ത് കാമ്പയിൻ നടത്തൽ, മതപരമോ വർഗീയമോ ആയ സന്ദേശങ്ങൾ പ്രചരിപ്പിക്കൽ, അനുവദിച്ച സമയത്തിന് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കൽ എന്നിവയിലൊന്ന് തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ അദേഴ്‌സിൽ (മറ്റുള്ളവ) തിരഞ്ഞെടുപ്പ് ലംഘനത്തെ കുറിച്ച് ചെറുകുറിപ്പ് നൽകുകയോ ചെയ്യാം. ആപ്പിൽ പ്രവേശിച്ച് അഞ്ചു മിനുട്ടിനകം ഈ നടപടികൾ പൂർത്തിയാക്കണം. ടൈം ഔട്ട് ആയാൽ വീണ്ടും ആപ്പ് ഓപ്പൺ ചെയ്ത് അഞ്ചു മിനുട്ടിനുള്ളിൽ അയയ്ക്കണം.
പരാതി നൽകാം, പേര് പറയില്ല
ഗൂഗിൾ പ്ലേസ്റ്റോർ/ ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം മൊബൈൽ നമ്പർ നൽകിയാൽ ലഭിക്കുന്ന ഒ.ടി.പി വഴി ആപ്പിൽ പ്രവേശിക്കാം. പരാതിപ്പെടുന്നയാളിന്റെ വിവരങ്ങൾ മറ്റുള്ളവർ അറിയരുതെന്ന് താൽപര്യം ഉള്ളവർക്ക് മൊബൈൽ നമ്പർ നൽകാതെ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ആപ്പിലുണ്ട്.
ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടുമിനുട്ടിൽ കൂടാത്ത വീഡിയോ, ശബ്ദം എന്നിവ സഹിതം മൊബൈൽ ഫോൺ വഴി നൽകുന്ന പരാതികൾക്ക് 100 മിനുട്ടിനുള്ളിൽ നടപടിയുണ്ടാകും. ചട്ടലംഘനം നടക്കുന്ന സ്ഥലത്ത് വച്ച് തന്നെ ഫോട്ടോയും വീഡിയോയും ഉൾപ്പെടെ പരാതി സമർപ്പിക്കണം. ചട്ടലംഘനം നടക്കുന്ന സ്ഥലം കണ്ടെത്താനുള്ള എളുപ്പത്തിനു വേണ്ടിയാണിത്. സി വിജിൽ മൊബൈൽ ആപ്പിന്റെ സേവനം പരമാവധി ഉപയോഗപ്പെടുത്താൻ ജനങ്ങൾ മുന്നോട്ടുവരണം
ടി.വി സുഭാഷ്, ജില്ലാ കളക്ടർ