മാഹി: തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയിൽ മതിയായ രേഖകളില്ലാതെ ജീപ്പിൽ കടത്തിയ സ്വർണ്ണം പിടികൂടി. ഏകദേശം 18 കിലോഗ്രാം സ്വർണ്ണം പിടികൂടിയതായാണ് മാഹി പൊലീസ് നല്കുന്ന സൂചന. പൂഴിത്തലയിൽ സ്ഥാപിച്ച ചെക്ക് പോസ്റ്റിലാണ് സ്വർണം പിടികൂടിയത്. ജീപ്പിൽ സെക്യൂരിറ്റി ജീവനക്കാരൻ അടക്കം മൂന്ന് പേരാണുണ്ടായിരുന്നത്. മുംബയിൽ നിന്ന് കോഴിക്കോട്ടുള്ള ഒരു പ്രമുഖ ജുവലറിയിലേക്ക് കൊണ്ടുവന്ന സ്വർണ്ണം പലയിടങ്ങളിലേക്കായി കൊണ്ടുപോവുകയാണെന്നാണ് ജീപ്പിലുണ്ടായിരുന്നവർ അറിയിച്ചത്. എന്നാൽ ഇവരാരും ജുവലറി ജീവനക്കാരല്ലെന്നും പറഞ്ഞു. വിമുക്ത ഭടനാണെന്ന് അവകാശപ്പെട്ട സെക്യൂരിറ്റിയുടെ കൈയിലുള്ള തോക്കിന് ലൈസൻസും ഹാജരാക്കാനായില്ല. മാഹി ഗവ: ഹൗസിൽ സൂക്ഷിച്ച പെട്ടികൾ തുറന്ന് പരിശോധന നടത്തിയിട്ടില്ല. സ്വർണ്ണം കടത്തിയ സംഘം കസ്റ്റഡിയിലാണ്. മാഹി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.