
കണ്ണൂർ: പാലക്കാട്- കണ്ണൂർ പരീക്ഷണ ഓട്ടം വിജയകരമായതോടെ 16 മുതൽ മലബാറിൽ മെമു സർവീസ് തുടങ്ങുമെന്ന് റെയിൽവേ. കൊവിഡ് കാലത്തോടെ പാസഞ്ചർ ട്രെയിനുകളും മറ്റും സർവ്വീസ് നിർത്തിയതോടെയുണ്ടായ യാത്രാ പ്രതിസന്ധിക്ക് ഇതോടെ ഒരു പരിധി വരെ പരിഹാരമാകും. പരീക്ഷണ ഓട്ടം വിജയകരമായെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.
രണ്ട് സ്റ്റേഷനുകൾക്കിടയിൽ യാത്ര ചെയ്യാനെടുക്കുന്ന സമയം , പ്ളാറ്റ് ഫോമും മെമു ബോഡിയും തമ്മിലുള്ള അകലം എന്നിവയാണ് അധികൃതർ പരിശോധിച്ചത്. മെമു സർവ്വീസ് തുടങ്ങുന്നതോടെ എടക്കാട്, വടകര തുടങ്ങിയ സ്റ്റേഷനുകളുടെ ഉയരത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരും.
ഇപ്പോൾ പാലക്കാട് ഡിവിഷനു കീഴിൽ ഷൊർണൂർ - കോയമ്പത്തൂർ, ഈറോഡ് - പാലക്കാട് ടൗൺ, പാലക്കാട് ടൗൺ - സേലം, പാലക്കാട് ടൗൺ - എറണാകുളം എന്നീ മെമു സർവീസുകളാണുള്ളത്. പാലക്കാട് നിന്നു വടക്കോട്ടേക്ക് മെമു സർവീസ് തുടങ്ങുന്നതിന് ആദ്യഘട്ടത്തിൽ 14 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്.
മറ്റു ട്രെയിനുകളെ അപേക്ഷിച്ച് മെമുവിന്റെ അറ്റകുറ്റപ്പണികൾക്ക് ചെലവ് കുറയുമെന്നതാണ് റെയിൽവേയെ കൂടുതൽ സർവീസിന് പ്രേരിപ്പിക്കുന്നത്. ചെറിയ സ്റ്റേഷനുകളിൽ പോലും മെമു ട്രെയിനുകൾക്ക് നിറുത്താൻ കഴിയും. അതുകൊണ്ടുതന്നെ ഇതു കൂടുതൽ യാത്രക്കാർക്ക് സഹായകരമാകും. ആവശ്യത്തിന് പാസഞ്ചർ ട്രെയിനുകളില്ലാത്തതും പാസഞ്ചർ ട്രെയിനുകൾക്ക് കൂടുതൽ കോച്ചുകളില്ലാത്തതും സ്ഥിരയാത്രക്കാരെ വലയ്ക്കുന്നുണ്ട്.
സർവീസ് ഇങ്ങനെ
06023 നമ്പർ മെമു ഷൊർണ്ണൂർ- കണ്ണൂർ മെമു രാവിലെ 4.30ന് ഷൊർണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9.10ന് കണ്ണൂരിലെത്തും.06024 നമ്പർ കണ്ണൂർ - ഷൊർണ്ണൂർ മെമു വൈകിട്ട് 5.20ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10.55ന് ഷൊർണ്ണൂരിലെത്തും. സീസൺ ടിക്കറ്റ് യാത്രക്കാർക്ക് മുൻഗണന നൽകുന്ന ട്രെയിൻ ഞായറാഴ്ച സർവ്വീസ് നടത്തില്ല.
മെമു വരുമ്പോൾ
എല്ലാ സ്റ്റേഷനുകളിലും നിർത്താം.
മണിക്കൂറിൽ 90 കി.മീ.വേഗത
സൗകര്യങ്ങൾ
കോച്ചുകളിൽ ജി.പി. എസ്
എയർ സസ്പെൻഷൻ
ഓരോ കോച്ചിലും രണ്ട് വീതം ബയോടോയ്ലറ്റുകൾ
കുഷ്യൻ സീറ്റുകൾ
എൽ. ഇ. ഡി ലൈറ്റ്
സ്ത്രീകളുടെ കോച്ചിൽ സി.സി.ടി.വി
കോച്ചുകളിൽ ഭക്ഷണവിതരണമില്ല
മെമു (മെയിൻലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്സ് )
സർവീസ് മറ്റു ട്രെയിനുകളിൽ നിന്നു വ്യത്യസ്തമാണ്. എൻജിൻ മാറ്റുകയെന്നത് മറ്റു ട്രെയിനുകൾക്ക് ഏറെ ക്ളേശകരമായ ജോലിയാണെങ്കിൽ മെമുവിന് എവിടെ നിന്നും തിരിക്കാൻ ബുദ്ധിമുട്ടില്ലാത്തവിധം പുഷ് - പുൾ എൻജിനാണ്. ഇതുകാരണം ഷണ്ടിംഗിന്റെ കാലതാമസം ഒഴിവാക്കാനാകും. അടുത്തടുത്ത സ്റ്റോപ്പുകളിൽ നിറുത്താനും പ്രയാസമില്ല.