
കണ്ണൂർ: മൂന്നു തവണ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ ശോഭന ജോർജ് ഇപ്പോൾ സ്ഥാനാർത്ഥികൾക്കും വിവിധ രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടി മാല ഒരുക്കുന്ന തിരക്കിലാണ്. ചുവപ്പ്, പച്ച, കാവി, മൂവർണം എന്നു വേണ്ട പാർട്ടികൾ ആവശ്യപ്പെടുന്ന ഏത് നിറത്തിലുമുള്ള ഹാരങ്ങൾ ഇപ്പോൾ ഖാദി ബോർഡ് വൈസ് ചെയർമാനായ ശോഭന ജോർജിന്റെ നേതൃത്വത്തിൽ ഖാദി യൂണിറ്റുകളിൽ സജ്ജമാക്കും. സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി ഇതിനകം 2000 മാലകൾക്ക് ഓർഡർ നൽകി.
പ്ലാസ്റ്റിക് മാലകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചതും കൊവിഡ് കാരണം പുഷ്പമാലകളുടെ ഉപയോഗം കുറഞ്ഞതും ഖാദി ബോർഡിന് അനുഗ്രഹമായി. പൂർണമായും പരിസ്ഥിതി സൗഹൃദ ഉത്പന്നമെന്ന നിലയിൽ ഖാദി മാലകൾക്ക് സ്വീകാര്യത വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഖാദി ബോർഡ്. എല്ലാ ജില്ലകളിലെയും ഷോറൂമുകളിൽ അടുത്ത ദിവസം തന്നെ 50 മുതൽ 500 രൂപ വരെ വിലയുള്ള ഖാദി മാലകൾ വില്പനയ്ക്കെത്തും.
സഖാവും ലീഡറും
മാലയ്ക്കു പുറമേ ഖാദി ബോർഡിന്റെ ജനപ്രിയ ഷർട്ടുകളായ സഖാവും ലീഡറും തുണിയിലും തയ്യലിലും ചെറിയ മാറ്റങ്ങളോടെ പുറത്തിറങ്ങുകയാണ്. തിരഞ്ഞെടുപ്പ് കാലമായതോടെ ഇവയ്ക്ക് വൻ ഡിമാൻഡാണ്.
ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. മൂന്ന് തവണ ചെങ്ങന്നൂരിൽ നിന്നു മത്സരിച്ചു. ഇനി പുതുമുഖങ്ങൾ വരട്ടെ. സണ്ണി ചെറിയാനെ പോലുള്ളവർ അവിടെ നല്ല പ്രവർത്തനം കാഴ്ച വച്ചുവരികയാണല്ലോ
ശോഭന ജോർജ്