
കാഞ്ഞങ്ങാട്: 1977 ൽ നിലവിൽ വന്ന ഉദുമ മണ്ഡലത്തിൽ 2016 വരെയായി നടന്ന 11 തിരഞ്ഞെടുപ്പുകളിൽ ഒൻപതുതവണയും വിജയിച്ചത് ഇടതു സ്ഥാനാർത്ഥികൾ. ഐക്യമുന്നണിയുടെ എൻ .കെ.ബാലകൃഷ്ണനും ജനതാപാർട്ടിക്കാരനായ കെ .ജി. മാരാറുമായിരുന്നു അടിയന്തിരാവസ്ഥയ്ക്ക് ശേഷം 77 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയത്. എൻ .കെയ്ക്കായിരുന്നു ജയം.
80 ൽ നടന്ന തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.എൽ.എയ്ക്ക് സി.പി.എമ്മിലെ കെ. പുരുഷോത്തമന് മുന്നിൽ അടിതെറ്റി . 82ൽ ഇടതുസ്വതന്ത്രനായി മത്സരിച്ച എം .കുഞ്ഞിരാമൻ നമ്പ്യാർക്ക് മുന്നിലും എൻ .കെ. ബാലകൃഷ്ണൻ പരാജയമറിഞ്ഞു. കുഞ്ഞിരാമൻ നമ്പ്യാർ രാജിവച്ചതിനെ തുടർന്ന് 85 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കെ .പുരുഷോത്തമൻ ഒരിക്കൽ കൂടി ഉദുമയുടെ പ്രതിനിധിയായി. 87ൽ കെ.പുരുഷോത്തമൻ കോൺഗ്രസിലെ കെ .പി. കുഞ്ഞിക്കണ്ണന് മുന്നിൽ പരാജയപ്പെട്ടു.
പിന്നീട് 91 മുതൽ 2016 വരെ ഇടതുതേരോട്ടമായിരുന്നു. 2016 ൽ ഇടതുകോട്ട പൊളിക്കാൻ കണ്ണൂരിൽ നിന്നും കെ. സുധാകരൻ എത്തി. ഉദുമയിൽ തോറ്റാൽ രാഷ്ട്രീയം മതിയാക്കും എന്ന് പ്രഖ്യാപിച്ച് മത്സരക്കൊഴുപ്പ് കൂട്ടിയ സുധാകരനെ സിറ്റിംഗ് എം.എൽ.എ കെ. കുഞ്ഞിരാമൻ 3888 വോട്ടുകൾക്കായിരുന്നു പരാജയപ്പെടുത്തിയത്.
പെരിയ ഇരട്ടക്കൊലപാതകം സൃഷ്ടിച്ച വിവാദത്തിനിടെ എത്തിയ ലോക് സഭ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷസമവാക്യം മാറി. യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന് പതിനായിരത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷമാണ് ഉദുമ നൽകിയത്.എന്നാൽ കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ 7000 വോട്ടിന്റെ ഭൂരിപക്ഷം ഇടതുമുന്നണി തിരിച്ചുപിടിച്ചു.
ഉദുമ പള്ളിക്കര ,ചെമ്മനാട് ,മുളിയാർ ,ദേലംപാടി ,കുറ്റിക്കോൽ ബേഡകം എന്നിങ്ങനെ 8 പഞ്ചായത്തുകളാണ് ഉദുമ മണ്ഡലത്തിന്റെ പരിധിയിലുള്ളത്. ഇതിൽ ആറിടത്തും ഇടതു ഭരണമാണ്.വരുന്ന തിരഞ്ഞെടുപ്പിലും ഈ ഭൂരിപക്ഷം വർദ്ധിപ്പിക്കാനുള്ള പ്രവർത്തനമാണ് എൽ.ഡി.എഫ് നടത്തുന്നതെന്ന് മുന്നണി നേതൃത്വം വ്യക്തമാക്കി.
മണ്ഡലത്തിലെ വികസനപ്രവൃത്തികൾ ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണി പ്രചാരണത്തിനിറങ്ങുന്നത്. നിരവധി പാലങ്ങളും റോഡുകളും അരനൂറ്റാണ്ടിലേറെയായി നിർമ്മാണം ഇഴഞ്ഞുനീങ്ങുന്ന ബാവിക്കര റഗുലേറ്റർ കം ബ്രിഡ്ജ് പൂർത്തിയാക്കിയതുമടക്കം കെ.കുഞ്ഞിരാമന്റെ നേതൃത്വത്തിൽ നടന്ന വികസനം മണ്‌ഡലത്തിൽ സജീവചർച്ചയാണ്. പെരിയ ഇരട്ടക്കൊല അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി സി.പി.എമ്മിനെ കടന്നാക്രമിച്ചുള്ള പ്രചാരണമായിരിക്കും യു.ഡി.എഫിൽ നിന്നുണ്ടാകുന്നത്.
സിറ്റിംഗ് എം.എൽ.എ കെ.കുഞ്ഞിരാമന് ഇളവ് അനുവദിക്കാത്ത സാഹചര്യത്തിൽ സി.പി.എം സംസ്ഥാനകമ്മിറ്റിയംഗവും മഞ്ചേശ്വരം മുൻ എം.എൽ.എയുമായ സി.എച്ച്.കുഞ്ഞമ്പുവിനെയാണ് എൽ.ഡി.എഫ് പരിഗണിച്ചിരിക്കുന്നത്. യു.ഡി.എഫിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. രാജൻ പെരിയ, കെ.നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ തുടങ്ങിയവരുടെ പേരുകൾ ഉയർന്നുവരുന്നുണ്ട്.