
തളിപ്പറമ്പ്: കാലങ്ങളായി ഇടതുമുന്നണിയുടെ ഷുവർ ബെറ്റാണ് തളിപ്പറമ്പ് നിയോജകമണ്ഡലം . കഴിഞ്ഞ രണ്ടുതവണ വിജയിച്ച ജയിംസ് മാത്യുവിന് പകരം സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പരമ്പരാഗതവോട്ടിൽ വിശ്വാസമർപ്പിച്ച് ഇടതും ലോക് സഭ തിരഞ്ഞെടുപ്പിൽ കെ.സുധാകരന് ലഭിച്ച ലീഡിൽ വിശ്വാസമർപ്പിച്ച് യു.ഡി.എഫും കൊമ്പുകോർക്കുമ്പോൾ തദ്ദേശതിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ഉണർവിൽ എൻ.ഡി.എയും സജീവമാണ്.
എം.വി.ഗോവിന്ദന് തളിപ്പറമ്പിൽ മൂന്നാം ഊഴമാണ്. 1996ലും 2001ലും മണ്ഡലത്തിൽ നിന്നും മികച്ച ഭൂരിപക്ഷത്തോടെയായിരുന്നു ജയം. തിരഞ്ഞെടുപ്പിൽ നിന്ന് മാറി സംഘടനാതലത്തിൽ ശ്രദ്ധയൂന്നിയ ഇദ്ദേഹം സംസ്ഥാന സി.പി.എമ്മിലെ താത്വികമുഖം കൂടിയാണ്. . പാർട്ടിക്കുള്ളിലെ വിഭാഗീയത ഇല്ലാതാക്കാൻ മാത്രമല്ല പ്രാദേശിക പ്രശ്നങ്ങൾ നയപരമായി കൈകാര്യം ചെയ്യാനുമുള്ള മിടുക്ക് പലകുറി തെളിയിച്ചിട്ടുണ്ട് ഈ പഴയ അദ്ധ്യാപകൻ.
ലോക് സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഇടതുവോട്ടുകളിൽ ഇടിവുണ്ടായെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ പൂർവസ്ഥിതിയിലായി. എൽ.ഡി.എഫിന് തുടർഭരണം കിട്ടുകയാണെങ്കിൽ നിർണായക റോളായിരിക്കും ഇദ്ദേഹത്തിനുണ്ടാകുകയെന്നതും ഉറപ്പാണ്. തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾ, ചപ്പാരപ്പടവ്, കുറുമാത്തൂർ, കൊളച്ചേരി, കുറ്റിയാട്ടൂർ, മലപ്പട്ടം, മയ്യിൽ, പരിയാരം പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് തളിപ്പറമ്പ് നിയമസഭാ മണ്ഡലം. 2011ൽ ജയിംസ് മാത്യുവിന്റെ വരവോടെയാണ് ഇടതുപക്ഷത്തിന് മണ്ഡലത്തിൽ ഭൂരിപക്ഷം വർദ്ധിപ്പിക്കാനായത്.2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ നേരിയ മേൽക്കൈ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികവും കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശവും വലിയ ആത്മവിശ്വാസമാണ് മുന്നണിക്ക് നൽകുന്നത്.
കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വിട്ടുനൽകിയ സീറ്രായിരുന്നു തളിപ്പറമ്പ്. ഇക്കുറി മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോൺഗ്രസ് തന്നെ സീറ്റ് ഏറ്റെടുത്തേക്കുമെന്നാണ് സൂചന. കെ.എസ്. യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. അബ്ദുൾറഷീദ്,മഹിളാ കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷ രജനി രമാനന്ദ് ,ടി.ജനാർദ്ദനൻ ,കൊയ്യം ജനാർദ്ദനൻ എന്നിവരുടെ പേരുകളും മണ്ഡലത്തിൽ പരിഗണിക്കപ്പെടുന്നുണ്ട്.
തദ്ദേശതിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നഗരസഭയിൽ മൂന്ന് വാർഡുകൾ നേടിയതടക്കം മികവ് കാട്ടാനായതാണ് എൻ.ഡി.എ ക്യാമ്പിനെ നയിക്കുന്ന ബി.ജെ.പിയുടെ പ്രതീക്ഷ.ഇരുമുന്നണികൾക്കും ശക്തമായ ഭീഷണിയുയർത്താൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം.