പയ്യന്നൂർ: അനുദിനം വളർന്ന് വ്യാപിച്ച് കൊണ്ടിരിക്കുന്ന വഴിയോര വാണിഭത്തിനെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂരിലെ വ്യാപാരികൾ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ.പി. ബാലകൃഷ്ണ പൊതുവാളുടെ അദ്ധ്യക്ഷതയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യാ മേച്ചേരി ഉദ്ഘാടനം ചെയ്തു. സി.കെ. സെയ്ദ് , ഡി.വി. ബാലകൃഷ്ണൻ സംസാരിച്ചു. കൺവീനർ കെ.യു. വിജയകുമാർ സ്വാഗതവും വി. നന്ദകുമാർ നന്ദിയും പറഞ്ഞു.

പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് കെ.പി. ബാലകൃഷ്ണ പൊതുവാൾ, കെ.യു. വിജയകുമാർ, എം.പി. തിലകൻ, കെ. ഖലീൽ, ബാബുരാജ്, കെ.വി.നന്ദിനി, എ.കെ.ശ്രീജ, സായി കിഷോർ, സത്യജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

വഴിയോര വാണിഭം ഒരു പരിധി വരെ എല്ലാ സ്ഥലത്തും ഉള്ളതാണെങ്കിലും പയ്യന്നൂരിൽ ഇവരുടെ തള്ളിക്കയറ്റം കാരണം, വ്യവസ്ഥാപിത നിലയിൽ നികുതികളും കെട്ടിട വാടകയും തൊഴിലാളികളെയും നിയമിച്ച് വ്യാപാരം ചെയ്യുവാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. സമരം തുടക്കം മാത്രമാണെന്നും വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നില്ലെങ്കിൽ ശക്തമായ മറ്റ് സമര മാർഗ്ഗങ്ങൾ അവലംബിക്കേണ്ടി വരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ച് നഗരസഭാ അധികൃതർക്ക് , നിവേദനം നൽകി.