
കാസർകോട്: രണ്ടുവീതം സഹോദരങ്ങളെ നിയമസഭയിൽ എത്തിച്ചതിന്റെ റിക്കാർഡുണ്ട് ഇന്നത്തെ കാസർകോട് ജില്ലയ്ക്ക്. സഹോദരങ്ങളിൽ രണ്ടുപേർ കോൺഗ്രസുകാരും രണ്ടുപേർ കമ്മ്യൂണിസ്റ്റുകളുമാണെങ്കിലും കോൺഗ്രസ് ലേബലിൽ മത്സരിച്ച് ജയിച്ചത് ഒരാൾ മാത്രമാണ്.
1960 മുതൽ 1964 വരെ കാസർകോട് മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്ന എം.കെ. നമ്പ്യാർ എന്ന മാവില കുഞ്ഞിക്കണ്ണൻ നമ്പ്യാരാണ് കൂട്ടത്തിൽ ആദ്യം നിയമസഭയിലെത്തിയയാൾ. എം.ബി.ബി.എസ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലെത്തിയ ഇദ്ദേഹം. സമ്പന്ന കർഷക കുടുംബത്തിൽ നിന്ന് 1951 ലാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. എ.ഐ.സി.സി അംഗം, കോൺഗ്രസ് നിയമസഭാ പാർട്ടി എക്സിക്യൂട്ടീവ് അംഗം, കണ്ണൂർ ഡി.സി.സി ട്രഷറർ. സൗത്ത് ഇന്ത്യൻ കോഓപറേറ്റീവ് ഇൻഷുറൻസ് കമ്പനി ഡയറക്ടർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. അനുജൻ എം.കുഞ്ഞിരാമൻ നമ്പ്യാരാകട്ടെ കോൺഗ്രസ് നേതാവായിരുന്നെങ്കിലും നിയമസഭയിൽ എത്തിയത് ഇടതുസ്വതന്ത്രനായായിരുന്നു.1982 മുതൽ 84 വരെ ഉദുമ എം.എൽ.എ ആയിരുന്ന കുഞ്ഞിരാമൻ നമ്പ്യാർ ഈ വഴി തിരഞ്ഞെടുത്തത് ഘടകകക്ഷികൾക്ക് ആവശ്യത്തിലധികം പരിഗണന നൽകുന്നുവെന്ന വിമർശനമുന്നയിച്ചായിരുന്നു. കോൺഗ്രസ് റിബലായി പത്രിക നൽകിയ കുഞ്ഞിരാമൻ നമ്പ്യാർക്ക് ഇടതുമുന്നണി പിന്തുണ നൽകി.
കെ.കരുണാകരന്റെ അഭ്യർത്ഥന മാനിച്ച് മാതൃ സംഘടനയിലേക്ക് തിരിച്ചുവന്ന കുഞ്ഞിരാമൻനമ്പ്യാർ 1984 ഡിസംബർ എട്ടിന് എം.എൽ.എ സ്ഥാനം രാജി വച്ചു.1985 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായെങ്കിലും 816 വോട്ടിന് സി.പി.എമ്മിലെ അഡ്വ. കെ. പുരുഷോത്തമനോട് പരാജയപ്പെടാനായിരുന്നു നിയോഗം.
21 വർഷം പനത്തടി പഞ്ചായത്ത് പ്രസിഡന്റ്, 30 വർഷം പനത്തടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച ഇദ്ദേഹം എ.ഐ.സി.സി അംഗം, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. കോടോത്ത് കുഞ്ഞമ്പു നായരുടെയും മാവില കുഞ്ഞു മാണിക്യം അമ്മയുടെയും മക്കളാണ് എം.കെ.നമ്പ്യാരും കുഞ്ഞിരാമൻ നമ്പ്യാരും.
ഒരെ മണ്ഡലത്തിൽ ജയിച്ച സഹോദരങ്ങൾ
കാഞ്ഞങ്ങാടിന്റെ പഴയ രൂപമായിരുന്ന ഹോസ്ദുർഗ് സംവരണ മണ്ഡലത്തിൽ സി.പി.ഐ ടിക്കറ്റിൽ ജയിച്ചുകയറിയിട്ടുണ്ട് എം. നാരായണനും എം. കുമാരനും
1991, 96 വർഷങ്ങളിലാണ് എം. നാരായണൻ എം. എൽ.എയായത്. എം. കുമാരൻ 2006 ലും. പിന്നീട് സി.പി.എമ്മിൽ ചേർന്ന പ്രമുഖ കോൺഗ്രസ് നേതാവ് കൊട്ടറ വാസുദേവായിരുന്നു 91ൽ നാരായണന്റെ എതിരാളി. രണ്ടാമൂഴത്തിൽ കോൺഗ്രസിലെ തന്നെ സി.പി കൃഷ്ണനും. കുമാരൻ പരാജയപ്പെടുത്തിയത് കോൺഗ്രസിലെ സി.ജെ. കൃഷ്ണനെ.
എളേരി മാവുവളപ്പിൽ പരേതനായ ചന്ദ്രന്റെയും വെള്ളച്ചിയുടെയും മക്കളാണ്. രണ്ടുപേരും സി.പി.ഐ ജില്ലാ കൗൺസിൽ അംഗങ്ങളാണ്. എം.നാരായണൻ കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിരുന്നു.