ch-kunhambu
സി.എച്ച്.കുഞ്ഞമ്പു

കാസർകോട്: രൂപീകരിച്ച കാലം തൊട്ട് ഇടത് സ്ഥാനാർത്ഥികളെ മാത്രം ജയിപ്പിച്ച തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിൽ സിറ്റിംഗ് എം. എൽ. എ എം. രാജഗോപാലന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായി.സി.പി.എം മത്സരിച്ചുവരുന്ന ഉദുമയിൽ മഞ്ചേശ്വരം മുൻ എം.എൽ.എയും പാർട്ടി സംസ്ഥാനകമ്മിറ്റിയംഗവുമായ സി.എച്ച്.കുഞ്ഞമ്പുവും മത്സരിക്കും. മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് സൂചനകൾ പുറത്തുവന്നിട്ടില്ല.

രാജഗോപാലന്റെയും സി.എച്ച് കുഞ്ഞമ്പുവിന്റെയും സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സി.പി.എം ജില്ലാസെക്രട്ടറിയേറ്റിന്റെ അഭിപ്രായം സംസ്ഥാനസെക്രട്ടറിയേറ്റും പിന്നീട് സംസ്ഥാനസമിതിയും അംഗീകരിക്കുകയായിരുന്നു .സി എച്ച് കുഞ്ഞമ്പുവിന്റെ വ്യക്തിബന്ധങ്ങളും രാഷ്ട്രീയത്തിന് അതീതമായ നിലപാടുകളും വോട്ടായി മാറിയാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.കുഞ്ഞിരാമന് ലഭിച്ച ഭൂരിപക്ഷം ഉയർത്താമെന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടൽ.

2016 ൽ തൃക്കരിപ്പൂരിൽ 16000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം രാജഗോപാലൻ കോൺഗ്രസിലെ കെ പി കുഞ്ഞിക്കണ്ണനെ തോൽപ്പിച്ചിരുന്നത്. സ്ഥാനാർത്ഥിനിർണയത്തിന്റെ ഒരു ഘട്ടത്തിൽ പാർട്ടി ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണന്റെ പേര് മുന്നോട്ടുവച്ചിരുന്നുവെങ്കിലും സിറ്റിംഗ് എം.എൽ.എയ്ക്ക് ഒരു ഊഴം കൂടി നൽകണമെന്ന അഭിപ്രായത്തിന് സ്വീകാര്യത ലഭിക്കുകയായിരുന്നു.