rajagopal

കാസർകോട്: ഇടതുപക്ഷത്തെ മാത്രം വിജയിപ്പിച്ച ചരിത്രമുള്ള തൃക്കരിപ്പൂർ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ എം. രാജഗോപാലനും രാഷ്ട്രീയ വിവാദങ്ങൾക്ക് പേരുകേട്ട ഉദുമയിൽ സി.പി.എം സംസ്ഥാന സമിതി അംഗം സി.എച്ച്. കുഞ്ഞമ്പുവും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ അങ്കത്തിന് ഇറങ്ങും. തിരുവനന്തപുരത്ത് ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സമിതി യോഗം ഇരുവരുടെയും സ്ഥാനാർത്ഥിത്വം അംഗീകരിച്ചു.

കാസർകോട് ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും യോഗം ചേർന്ന് ചർച്ചകൾ പൂർത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് ശേഷം ഇരുവരും പ്രചാരണത്തിന് ഇറങ്ങും. മഞ്ചേശ്വരം മണ്ഡലത്തിൽ ആരെ മത്സരിപ്പിക്കണമെന്ന് സി.പി.എം. സംസ്ഥാന സമിതി തീരുമാനിച്ചിട്ടില്ല. അത് പിന്നീട് തീരുമാനിക്കാനായി മാറ്റിവെച്ചിരിക്കുകയാണ്. സി.പി.എം. സംസ്ഥാന സമിതി അംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം, കർഷക സംഘം ജില്ലാ സെക്രട്ടറി, കേരള കർഷക ക്ഷേമനിധി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന മുൻ എം.എൽ.എ കൂടിയായ സി.എച്ച് കുഞ്ഞമ്പു പോരിനിറങ്ങുമ്പോൾ ഉദുമ മണ്ഡലത്തിലെ ഭൂരിപക്ഷം 3882 വോട്ടാണ്.

2016 ലെ തിരഞ്ഞെടുപ്പിൽ കെ. കുഞ്ഞിരാമൻ കണ്ണൂരിൽ നിന്നെത്തിയ കെ. സുധാകരനെ തോൽപിച്ചത് 3882 വോട്ടുകൾക്കാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പിന്നെയും കുറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേരിയ മുൻതൂക്കമാണ് ഇടതുമുന്നണിക്കുള്ളത്. സി.എച്ച്. കുഞ്ഞമ്പുവിന്റെ വ്യക്തിബന്ധങ്ങളും രാഷ്ട്രീയത്തിന് അതീതമായ നിലപാടുകളും വോട്ടായി മാറിയാൽ ഭൂരിപക്ഷം ഉയർത്താമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.

2016ൽ സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ തൃക്കരിപ്പൂരിൽ 16000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം. രാജഗോപാലൻ യു.ഡി.എഫിലെ കരുത്തനായ കെ.പി. കുഞ്ഞിക്കണ്ണനെ തോൽപ്പിച്ചിരുന്നത്. ഡി.വൈ.എഫ്.ഐയിലൂടെ വളർന്നുവന്ന് പാർട്ടി നേതൃത്വത്തിലെത്തിയ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. രാജഗോപാലൻ മണ്ഡലത്തിൽ മുന്നണിയുടെ ഭൂരിപക്ഷം ഉയർത്തുമെന്നും സി.പി.എം വിലയിരുത്തുന്നു. കിഫ്‌ബി വഴിയും മറ്റു ഏജൻസികൾ മുഖേനയും മണ്ഡലത്തിൽ നടപ്പിലാക്കിയ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

സെക്രട്ടേറിയറ്റ് തീരുമാനം തള്ളി

തൃക്കരിപ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് എടുത്ത തീരുമാനം നേതാക്കൾ തന്നെ അട്ടിമറിച്ചു. തൃക്കരിപ്പൂരിൽ പാർട്ടി ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കണം എന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനം. ഇത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ സംസ്ഥാന കമ്മിറ്റി സ്ഥാനാർഥി നിർണ്ണയം ചർച്ച ചെയ്തപ്പോൾ സെക്രട്ടേറിയറ്റ് എടുത്ത തീരുമാനം നടപ്പിലാക്കണമെന്ന് പറയാൻ യോഗത്തിൽ സംബന്ധിച്ച ജില്ലയിൽ നിന്നുള്ള പി. കരുണാകരൻ, കെ.പി. സതീഷ് ചന്ദ്രൻ, സി.എച്ച്. കുഞ്ഞമ്പു എന്നിവർ തയ്യാറായില്ലെന്നാണ് പറയുന്നത്. എം.വി. ബാലകൃഷ്ണൻ ജയിക്കുകയും എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വന്നാൽ മന്ത്രിയാവുകയും ചെയ്യുന്നത് തടയാനും ഒരു മുതിർന്ന നേതാവിന്റെ നേതൃത്വത്തിൽ നീക്കം നടന്നുവെന്നാണ് ആരോപണം. ഫലത്തിൽ ജില്ല സെക്രട്ടേറിയറ്റ് തീരുമാനത്തിന് വിലയില്ലാതാവുകയാണ് ചെയ്തത്. 2016ലും എം.വി. ബാലകൃഷ്ണന്റെ പേര് തൃക്കരിപ്പൂരിൽ മണ്ഡലത്തിൽ ഉയർന്നു വന്നിരുന്നു.