election

കാസർകോട്: കുറച്ചുകാലങ്ങളായി യു.ഡി.എഫ് കോട്ടയാണ് മഞ്ചേശ്വരമെന്ന് പറയാമെങ്കിലും മണ്ഡലത്തിന്റെ ചരിത്രം കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ളതാണ്. എന്നാൽ സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറ്റവും ശക്തമായ സ്വാധീനമുള്ള മണ്ഡലമെന്ന നിലയിലാണ് മഞ്ചേശ്വരം സമീപകാലത്തൊക്കെ ശ്രദ്ധ നേടിയിട്ടുള്ളത്.

കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് വിശ്വസിച്ചുപോന്നിരുന്ന മണ്ഡലമാണിത്. നേരത്തെ കെ.ജി. മാരാറും 2016ൽ കെ. സുരേന്ദ്രനും വിജയത്തിന് തൊട്ടടുത്തെത്തിയെങ്കിലും നിരാശയായിരുന്നു അന്തിമഫലം. നേമം സീറ്റ് പിടിച്ച് കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നപ്പോൾ ജയം നേടാൻ മഞ്ചേശ്വരം സീറ്റു തന്നെ വേണമെന്ന നേതാക്കളുടെ ചിന്തയ്ക്കും മാറ്റം വന്നു. കേരളത്തിൽ ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന നിരവധി മണ്ഡലങ്ങളിൽ ഒന്നുമാത്രമാണിന്ന് മഞ്ചേശ്വരം.

1957 ൽ നിലവിൽ വന്ന മണ്ഡലത്തിലെ ആദ്യതിരഞ്ഞെടുപ്പിൽ കർണാടകസമിതിയുടെ സ്വതന്ത്രൻ എം. ഉമേഷ് റാവു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. പിന്നീട് രണ്ടുതവണ മഹാബല ഭണ്ഡാരിയും ജയിച്ചു. 1970ന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ടിക്കറ്റിൽ മത്സരിച്ച എം. രാമപ്പയും ഡോ. എ. സുബ്ബറാവുവും രണ്ടുതവണ വീതം ജയിച്ചു. ഡോ. എ സുബ്ബറാവു ഇ കെ നായനാർ സർക്കാരിൽ മന്ത്രിയായി. 1987 മുതലാണ് മണ്ഡലം മുസ്ലിം ലീഗിലൂടെ യു.ഡി.എഫ് പക്ഷത്തേക്ക് നീങ്ങിയത്. ചെർക്കളം അബ്ദുള്ളയുടെ തുടർജയം അവസാനിച്ചത് 2006 ലെ തിരഞ്ഞെടുപ്പിലായിരുന്നു.ബി.ജെ.പിയുടെ കണക്കുകൂട്ടൽ തെറ്റിച്ച് സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പു 4829 വോട്ടിന് ജയിച്ചുകയറി. 2011 ൽ പി.ബി.അബ്ദുൾറസാഖിലൂടെ ലീഗ് മണ്ഡലംതിരിച്ചുപിടിച്ചു. 2016ൽ ബി.ജെ.പിയിലെ കെ.സുരേന്ദ്രനെതിരെ 89 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തിയ അബ്ദുൾ റസാഖിന്റെ വിയോഗത്തെ തുടർന്ന് 2019 ലെ ഉപതിരഞ്ഞെടുപ്പിൽ എം.സി. ഖമറുദ്ദീൻ മത്സരത്തിനിറങ്ങി. 7923 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ബി.ജെ.പിയിലെ രവീശതന്ത്രിയെ ഖമറുദ്ദീൻ തോൽപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താന് 11000 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. ഈ തിരഞ്ഞെടുപ്പുകളിലെല്ലാം എൽ.ഡി.എഫ് മൂന്നാംസ്ഥാനത്തായിരുന്നു.

മണ്ഡലത്തിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളെ കുറിച്ചുള്ള തീരുമാനം വൈകുകയാണ്. കാസർകോട് നിന്ന് നിരവധി തവണ ജയിക്കുകയും മന്ത്രിയാകുകയും ചെയ്ത സി.ടി അഹമ്മദലി, എ.കെ.എം അഷ്‌റഫ് എന്നിവരുടെ പേരുകൾക്കാണ് യു.ഡി.എഫിൽ പരിഗണന. കെ. സുരേന്ദ്രൻ, അഡ്വ. കെ. ശ്രീകാന്ത് എന്നിവരെ ബി.ജെ.പിയും വി.പി.പി മുസ്തഫ, കെ.ആർ. ജയാനന്ദ എന്നിവരെ എൽ.ഡി.എഫും പരിഗണിക്കുന്നു.