
കണ്ണൂർ: ഗ്രന്ഥം പ്രതിഷ്ഠ. അക്ഷരം മന്ത്രം. അറിവ് ഈശ്വരൻ. ജാതിയില്ല, മതമില്ല. പ്രാർത്ഥനയും വഴിപാടുമില്ല. ഈ ക്ഷേത്രത്തിൽ ആർക്കും പ്രവേശിക്കാം. ഗ്രന്ഥം പ്രതിഷ്ഠയായ ലോകത്തെ തന്നെ ആദ്യത്തെ മതാതീത ദേവാലയത്തിന് കണ്ണൂരിലെ മലയോരഗ്രാമമായ ചെറുപുഴ കക്കോട് നവപുരത്ത് തറക്കല്ലിട്ടു.
ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം മത പുരോഹിതൻമാരും സാംസ്‌കാരിക പ്രവർത്തകരും ജനപ്രതിനിധികളും ചേർന്നാണ് ദേവാലയത്തിന്റെ നാലു മൂലക്കല്ലുകൾ സ്ഥാപിച്ചത്.
വിജ്ഞാനമാണ് ദൈവം. വിശാലചിന്തയും വിനയവും വിവേകവുമാണ് വഴി - അതാണ് ദേവാലയത്തിന്റെ തത്വം. എല്ലാ മതങ്ങളെയും ദർശനങ്ങളെയും കുറിച്ച് പഠിക്കാൻ ഇവിടെ സൗകര്യമുണ്ടാവും. അറിവിനെ ഈശ്വരനായി ആത്മാവിൽ ആരാധിക്കാം.
കവിയും പ്രഭാഷകനുമായ പ്രാപ്പൊയിൽ നാരായണനാണ് ദേവാലയം സ്ഥാപിക്കുന്നത്. വീടിനോട് ചേർന്നുള്ള സ്ഥലത്ത് 25 ലക്ഷം രൂപ ചെലവിലാണ് ദേവാലയം പണിയുന്നത്. പ്രമുഖ ശിൽപ്പിയായ സന്തോഷ് മാനസമാണ് ഗ്രന്ഥ പ്രതിഷ്ഠ രൂപകൽപ്പന ചെയ്യുന്നത്. മേയിൽ ആദ്യ ഘട്ടം പൂർത്തിയാക്കും.
കലാകാരൻമാർക്കും എഴുത്തുകാർക്കും താമസിച്ച് രചനകളിൽ മുഴുകാനുള്ള രചനാഗൃഹങ്ങളും കലാ പ്രകാശനങ്ങൾക്കും സംവാദങ്ങൾക്കുമുള്ള സൗകര്യങ്ങളും ഒരുക്കും. കൃഷ്ണഗാഥ രചിച്ച കവി ചെറുശ്ശേരിക്ക് സ്മാരകമായി സ്മൃതി മണ്ഡപവും നിർമ്മിക്കുന്നുണ്ട്.
ചെറുപുഴ മലങ്കര കത്തോലിക്കാ ചർച്ചിലെ ഫാദർ ജയിംസ് മുളയ്ക്ക വിളയിൽ , ചെറുപുഴ ജുമാ മസ്ജിദിലെ ഷറഫുദ്ദീൻ മൗലവി , വയനാട്ട് കുലവൻ ക്ഷേത്രം പ്രസിഡന്റ് ബാലൻ കണ്ടത്തിൻകരയിൽ എന്നിവർ ചേർന്നാണ് തറക്കല്ലിടൽ നിർവഹിച്ചത്. പയ്യന്നൂർ ബ്‌ളോക്ക് പഞ്ചായത്തംഗം കെ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.
'' സംഭാവന പിരിക്കുന്നില്ല. ഉദാരമതികൾക്ക് സഹകരിക്കാം. സ്വന്തം ചെലവിൽ ആദ്യ ഘട്ടം പൂർത്തിയാക്കണം. പിന്നീട് ഏതെങ്കിലും ട്രസ്റ്റിന് വിട്ടുകൊടുക്കാമെന്നാണ് ആലോചിക്കുന്നത്.''
പ്രാപ്പൊയിൽ നാരായണൻ