election
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മാധ്യമ പ്രവർത്തകരുമായി ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗം.

കണ്ണൂർ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പരാതിരഹിതമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ് അറിയിച്ചു. തിരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇത്തവണ ജില്ലയിലെ മുഴുവൻ പോളിംഗ് സ്‌റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും ജില്ലാ കളക്ടർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരം ഇത് നിശ്ചയിക്കും. പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയുടെയും മൈക്രോ ഒബ്‌സർവർമാരുടെയും സാന്നിദ്ധ്യമുണ്ടാകും. സഹായികൾ വോട്ട് ചെയ്യുന്ന കേസുകൾ ജില്ലയിൽ പൊതുവെ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി വോട്ടറുടെയും പകരം വോട്ട് ചെയ്യുന്ന സഹായിയുടെയും ഫോട്ടോ എടുത്ത് സൂക്ഷിക്കും. ആൾമാറാട്ടം നടത്തി വോട്ട് ചെയ്യുന്നത് തടയുമെന്നും അദ്ദേഹം അറിയിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എൻ. ദേവിദാസ്, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ആൻഡ്രൂസ് വർഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. പ്രീത, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പദ്മനാഭൻ, പ്രസ് ക്ലബ് പ്രസിഡന്റ് എ. കെ ഹാരിസ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.


പോസ്റ്റൽ ബാലറ്റ് നാലു വിഭാഗങ്ങൾക്ക്

മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 80 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കൊവിഡ് ബാധിതരും ക്വാറന്റൈനിലുള്ളവരും, മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെ അവശ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്നവർ എന്നീ വിഭാഗങ്ങൾക്ക് പോസ്റ്റൽ വോട്ട് സംവിധാനം ഒരുക്കിയിട്ടുണ്ട്. അവശ്യ സേവന മേഖലയിലുള്ളവർ ഒഴികെയുള്ളവർക്ക് പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തിക്കും. അവശ്യ സേവന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷ സമർപ്പിക്കണം. നിശ്ചിത ദിവസങ്ങളിൽ മണ്ഡലം തലത്തിൽ ഒരുക്കുന്ന പ്രത്യേക പോസ്റ്റൽ വോട്ടിംഗ് സെന്ററിൽ എത്തി വോട്ട് രേഖപ്പെടുത്താം.

20,13,846 വോട്ടർമാർ
ജില്ലയിൽ 9,48,583 പുരുഷൻമാരും 10,65,248 സ്ത്രീകളും 15 ഭിന്നലിംഗക്കാരും ഉൾപ്പെടെ 20,13,846 വോട്ടർമാരാണുള്ളത്. 11 നിയോജകമണ്ഡലങ്ങളിലായി 1858 പോളിംഗ് സ്‌റ്റേഷനും 1279 ഓക്‌സിലറി സ്‌റ്റേഷനുമാണ് ജില്ലയിലുള്ളത്. ഇവിടങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇതിനകം ഒരുക്കിക്കഴിഞ്ഞു.

16,316 ഉദ്യോഗസ്ഥർ
കൊവിഡ് പശ്ചാത്തലത്തിൽ കൂടുതൽ പോളിംഗ് ബൂത്തുകൾ നിലവിൽ വന്ന സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഡ്യൂട്ടി ഒഴിവ് അനുവദിക്കില്ല. ജില്ലയിൽ പോളിംഗ് ഡ്യൂട്ടിക്ക് റിസർവ്വ് ഉൾപ്പെടെ 16,316 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. സുരക്ഷാ ചുമതലകൾക്കായി 30,000 പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും.