തലശ്ശേരി: പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരു ഗ്രാമീണൻ തെന്നിന്ത്യൻ ഭാഷകളുടെ താക്കോൽ സൂക്ഷിപ്പുകാരനായതിന്റെ കഥയറിഞ്ഞ കാശ്മീരുകാരനായ ഗവേഷണ വിദ്യാർത്ഥി അദ്ദേഹത്തെ കാണാൻ കാതങ്ങൾക്കപ്പുറത്ത് നിന്നെത്തി. 24 കാരനായ പ്രതീക് സന്യാലാണ് സൈക്കിളിൽ കയറി ഞാറ്റ്വേല ശ്രീധരനെ കാണാൻ തലശ്ശേരി വയലളം മൂളിയിൽനടയിലെ വീട്ടിലെത്തിയത്.
ഇരുവരുടെയും അപൂർവ്വ കൂടിക്കാഴ്ചയിൽ പരിസരവാസികളും പങ്കാളികളായി. മലയാളത്തിലെ ആദ്യ നിഘണ്ടു പിറന്ന മണ്ണിൽ ഹെർമൻ ഗുണ്ടർട്ടിന്റെ പിന്മുറക്കാരനായ ഞാറ്റ്വേല ശ്രീധരൻ, അക്കാഡമിക പാരമ്പര്യങ്ങളോ, പേരിന്റെ കൂടെ ബിരുദമോ ഒന്നുമില്ലാതെയാണ് മലയാളം, തമിഴ്, തെലുങ്ക്, കർണാടക ഭാഷകൾക്ക് നിഘണ്ടു രചിച്ചത്. ഇത് ഉത്തരേന്ത്യൻ ചാനലുകളിലടക്കം പ്രാധാന്യത്തോടെ വാർത്തായായിരുന്നു.
ഗ്രാമീണ ജീവിതങ്ങളെയും, അവരുടെ സംസ്‌കാരത്തെയും കുറിച്ചറിയാൻ സൈക്കിൾ യാത്ര സഹായകരമായെന്ന് പ്രതീക് സന്യാൽ പറഞ്ഞു. കേരളത്തിലെ ഒരു എഴുത്തുകാരനും കിട്ടാത്ത പ്രശസ്തി നിഘണ്ടു പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ തനിക്ക് കിട്ടിയെന്നും താൻ അങ്ങേയറ്റം സന്തോഷവാനാണെന്നുമായിരുന്നു തന്നെ സന്ദർശിക്കാനെത്തിയ കാശ്മീരി യുവാവിനോട് ഞാറ്റ്വേല ശ്രീധരന്റെ മറുപടി.