തളിപ്പറമ്പ്: തൃച്ഛംബരത്തപ്പന്റെ ആജ്ഞാദൂതനാകാൻ (ചോയാമ്പി) വിജയ് നീലകണ്ഠന് നിയോഗം. ഇന്നലെ കൊടിയേറിയ തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ കൂടെ ഇനി മാർച്ച് 20 വരെ ദിവസവും വെള്ളികെട്ടിയ ചൂരൽ ആചാരവടിയുമായി ഇദ്ദേഹം ആജ്ഞാദൂതനായി കൂടെയുണ്ടാവും.
തൃച്ഛംബരത്തപ്പന്റെ ഉത്സവത്തിൽ നിരവധി അവിഭാജ്യഘടകങ്ങൾ ഉള്ളതിലൊന്നാണ് പരശുരാമൻ കൽപ്പിച്ചു നൽകിയതെന്ന് വിശ്വസിക്കപ്പെടുന്ന ചോയാമ്പി സ്ഥാനം. മഴൂരത്തപ്പനെ തൃച്ഛംബരത്തേക്ക് ക്ഷണിക്കാനും ആനയിക്കാനും പോകേണ്ടത് ചോയാമ്പിയാണ്. മോതിരം വെച്ച് തൊഴൽ ചടങ്ങ് നടക്കുമ്പോൾ മോതിരം കൊടുക്കേണ്ട ഉത്തരവാദിത്വവും ചോയാമ്പിക്കാണ്.
തമിഴ് അയ്യർ ബ്രാഹ്മണ കുടുംബാംഗങ്ങളാണ് പരമ്പരാഗതമായി 'ചോയാമ്പി' സ്ഥാനം അലങ്കരിക്കുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പ് പാലക്കാട് നിന്ന് തൃച്ഛംബരത്തേക്ക് കുടിയേറിപാർത്തവരാണ് ഇവർ. പണ്ട് പരശുരാമൻ കൊണ്ടുവന്ന് കുടിയിരുത്തിയതായും വിശ്വസിക്കപ്പെടുന്നു. കഴിഞ്ഞകാലകളിൽ ചോയാമ്പി സ്ഥാനം അലങ്കരിച്ച ശേഷാദ്രിനാഥ് എന്ന സേതുവിൽ നിന്നാണ് വിജയ് നീലകണ്ഠൻ ഈ സ്ഥാനം ഏറ്റെടുത്തത്.
പരിസ്ഥിതിവന്യജീവി സംരക്ഷണ രംഗത്തും പെരിഞ്ചെല്ലൂർ സംഗീതസഭയുടെ സ്ഥാപകനായി സംഗീതരംഗത്തും വേറിട്ടുനിൽക്കുന്ന വ്യക്തിയാണ് വിജയ് നീലകണ്ഠൻ.