കൂത്തുപറമ്പ്: താത്കാലികമായി ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂത്തുപറമ്പ് പൊലീസ് പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കണ്ടംകുന്നിലെ സി.ജി. ശശികുമാറിനെയും, ഭാര്യ രത്നകുമാരിയെയും പ്രതിചേർത്തുള്ള കുറ്റപത്രമാണ് തലശ്ശേരി പോക്സോ കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസ് ഇൻസ്പെക്ടർ എൻ. സുനിൽ കുമാർ സമർപ്പിച്ചത്.

കേസ് രജിസ്റ്റർ ചെയ്ത് രണ്ട് മാസത്തിനിടെയാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. 2017 ലാണ് എറണാകുളത്ത് നിന്ന് ദത്തെടുത്ത പെൺകുട്ടി പീഡനത്തിനിരയായത്. ഈ വർഷം ജനുവരിയിൽ നടന്ന കൗൺസിലിംഗിനിടെ പെൺകുട്ടിയുടെ സഹോദരി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. കൂത്തുപറമ്പ് സി.ഐ ആയിരുന്ന ബിനു മോഹനാണ് ആദ്യം അന്വേഷണം നടത്തിയത്. അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തെ തുടർന്ന് സി.ഐ ആയി എത്തിയ എൻ. സുനിൽ കുമാറാണ് അന്വേഷണം പൂർത്തിയാക്കിയത്. ഇതിനിടയിൽ പെൺകുട്ടിയുടെ സഹോദരിയെയും ഉപദ്രവിച്ചതായി പരാതി ലഭിച്ചതിനെ തുടർന്ന് ശശികുമാറിനെതിരെ വീണ്ടും പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.