കാസർകോട്: ക്രമാതീതമായി വില ഉയരാൻ തുടങ്ങിയതോടെ റോഡരുകിൽ നിർത്തിയിടുന്ന സ്വകാര്യ ബസുകളിൽ നിന്ന് ഡീസൽ ഊറ്റുന്ന സംഘം ജില്ലയിൽ ഇറങ്ങിയതായി പരാതി. ബസ് സ്റ്റാൻഡിലും റോഡുകളിലെ വശങ്ങളിലും ഓട്ടം കഴിഞ്ഞ് രാത്രി നിർത്തിയിടുന്ന ബസുകളിൽ നിന്നും ഡീസൽ മോഷണം പോകുന്നതാണ് പതിവായിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി ബന്തടുക്ക ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ നിന്നും ഡീസൽ മോഷണം പോയി. അതിൽ ഒരു ബസില്‍ നിന്നും 100 ലിറ്ററോളം ഡീസലാണ് മോഷ്ടിക്കപ്പെട്ടത്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നല്‍കിയിരിക്കുകയാണ്. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ കാസർകോട് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.