മട്ടന്നൂർ: ഇരിട്ടി റോഡ് ജംഗ്ഷനിൽ പകുതി പൊളിച്ച കെട്ടിടം അപകട ഭീഷണിയാകുന്നു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടമാണ് പകുതി പൊളിച്ച നിലയിലുള്ളത്. കെട്ടിടത്തിന് മുകളിൽ കോൺക്രീറ്റ് കഷണങ്ങൾ തൂങ്ങി നിൽക്കുകയാണ്. താഴെ നടപ്പാതയിലൂടെ പോകുന്നവരുടെ തലയിൽ ഏതു നിമിഷവും ഇത് പതിക്കുമെന്ന അവസ്ഥയാണുള്ളത്.

കെട്ടിടം പൊളിക്കുന്നത് രണ്ടാഴ്ചയോളമായി നിർത്തിവെച്ചിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങൾ നടപ്പാതയിലും മറ്റും കുന്നുകൂടി കിടക്കുന്നുമുണ്ട്. വാഹനത്തിരക്കേറിയ ഇരിട്ടി റോഡ് ജംഗ്ഷനിൽ അപകടാവസ്ഥയിലുള്ള കെട്ടിടത്തെക്കുറിച്ച് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി ദിവസങ്ങളായിട്ടും പരിഹാരമുണ്ടായില്ലെന്ന് പറയുന്നു.

അതേസമയം കെ.എസ്.ടി.പി. റോഡ് വികസനത്തിന്റെ ഭാഗമായി അധികൃതരുടെ നിർദ്ദേശപ്രകാരമാണ് കെട്ടിടം പൊളിച്ചു തുടങ്ങിയതെന്ന് കെട്ടിടമുടമ പറഞ്ഞു. മുൻഭാഗം പൊളിച്ചുമാറ്റി കെട്ടിടം ബലപ്പെടുത്തി നിലനിർത്തുന്നതിനുള്ള അനുമതി നഗരസഭയിൽ നിന്ന് ലഭ്യമായിട്ടില്ലെന്നും ഇതാണ് പണി തടസ്സപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.