
കണ്ണൂർ: പേരാവൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ മത്സരിക്കും. ഇന്നലെ ചേർന്ന സി.പി.എം ജില്ലാ നേതൃയോഗം ഏകകണ്ഠമായാണ് സക്കീർ ഹുസൈനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. യു.ഡി.എഫ് മണ്ഡലമായ പേരാവൂർ ശക്തമായ പോരാട്ടത്തിലൂടെ തിരിച്ചുപിടിക്കാൻ കഴിയുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്.
പേരാവൂർ സീറ്റ് ആവശ്യപ്പെട്ട് സി.പി.ഐയും കേരള കോൺഗ്രസ് മാണി വിഭാഗവും രംഗത്തെത്തിയിരുന്നുവെങ്കിലും സീറ്റ് വിട്ടുകൊടുക്കാൻ സി.പി.എം തയ്യാറായില്ല. കേരള കോൺഗ്രസിന് ഇരിക്കൂർ സീറ്റ് നൽകും. കണ്ണൂർ ജില്ലയിൽ ഇതോടെ സി.പി.ഐക്ക് സീറ്റ് ഇല്ലാതായി. നേരത്തെ ഇരിക്കൂറിൽ സി.പി.ഐയാണ് മത്സരിച്ചിരുന്നത്.
ഏഴുപേരുടെ പട്ടികയ്ക്ക് ജില്ലാ നേതൃയോഗം അംഗീകാരം നൽകി. മത്സരിക്കുന്ന മൂന്നു പേർ പുതുമുഖങ്ങളാണ്. പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ, അഴീക്കോട് കെ.വി. സുമേഷ്, കല്യാശേരിയിൽ എം. വിജിൻ എന്നിവരാണിവർ. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മട്ടന്നൂരിൽ കെ.കെ. ശൈലജയും തളിപ്പറമ്പിൽ എം.വി. ഗോവിന്ദനും മത്സരിക്കും. സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാകും.