കാഞ്ഞങ്ങാട്: പുതുതായി പണി കഴിപ്പിച്ച ആലാമിപ്പള്ളി ബസ് സ്റ്റാൻഡിനോടുള്ള ബസുകളുടെ അയിത്തം തുടരുന്നു. ഏറ്റവും ഒടുവിൽ ഈ മാസം ഒന്നാം തിയ്യതി മുതൽ ബസുകൾ സ്റ്റാൻഡിൽ കയറിയിറങ്ങുമെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു. ബസുടമസ്ഥ സംഘം, കെ.എസ്.ആർ.ടി.സി പ്രതിനിധി എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് ഒന്നു മുതൽ സ്റ്റാൻഡിൽ ബസുകൾ കയറിയിറങ്ങണമെന്ന് നഗരസഭ നിർദ്ദേശിച്ചത്. എന്നാൽ അതുൾക്കൊള്ളാൻ ബസുടമകൾ തയ്യാറായിട്ടില്ല.
കാസർകോട് ഭാഗത്തു നിന്നും വരുന്ന ബസുകൾ കോട്ടച്ചേരി സ്റ്റാൻഡിൽ ആളെ ഇറക്കി ആലാമിപ്പള്ളി സ്റ്റാൻഡിൽ വരണമെന്നാണ് നിർദ്ദേശം.അതോടൊപ്പം നിലേശ്വരം ഭാഗത്തു നിന്നുമുള്ള ബസുകൾ അലാമിപ്പള്ളി സ്റ്റാൻഡിൽ കയറി കോട്ടച്ചേരി ഭാഗത്തേക്ക് പോകണം. എന്നാലിതു പ്രായോഗികമല്ലെന്ന് ബസുടമകൾ പറയുന്നു.
നീലേശ്വരം സ്റ്റാൻഡിൽ കയറിയിറങ്ങണമെങ്കിൽ തന്നെ 15 മിനിറ്റോളമെടുക്കും. അതിനു ശേഷം ആലാമിപ്പള്ളി സ്റ്റാൻഡ് കയറിയിറങ്ങുമ്പോൾ അഞ്ചു മിനിറ്റെങ്കിലും പോകും.ഇത്രയും സമയം ഓട്ടത്തിൽ ക്രമീകരിച്ചാലെ നിശ്ചിത സമയത്ത് സ്റ്റാൻഡിലെത്തൂ. അവിടെ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ബസുകൾ പോകുന്നത്. പാണത്തൂർ ഭാഗത്തേക്കു പോകുന്ന ഏതാനും ബസുകൾ നേരത്തേ തന്നെ സ്റ്റാൻഡിൽ നിർത്തിയിടുന്നുണ്ട്. ബസുകൾ സ്റ്റാൻഡിൽ നിർത്തിയിടാതെ ഓടുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത പറഞ്ഞു.
പൊലീസ് സഹായം തേടി
ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ ബസുകൾ കയറിയിറങ്ങുന്നുണ്ടെന്നുറപ്പാക്കാൻ നഗരസഭ പൊലീസ് സഹായം തേടി. ഈ ആവശ്യം മുൻനിർത്തി ഡിവൈ.എസ്.പിക്ക് കത്ത് നൽകിയിട്ടുണ്ട്. 2019 ഫെബ്രുവരി 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ബസ് സ്റ്റാൻഡ് രണ്ടു വർഷമായി ഉപകാരമില്ലാതെ കിടക്കുകയാണ്. കോട്ടച്ചേരിയിലെ പഴയ ബസ് സ്റ്റാൻഡിലാകട്ടെ ഒരേ സമയം പത്തു ബസുകളെ പോലും ഉൾക്കൊള്ളാൻ പറ്റുന്നതുമല്ല.
ഒരു ബസ് ഒരു മിനിറ്റ് വൈകുമ്പോഴേക്കും ആ സമയത്തുള്ള ബസ് പോകും. വൈകുന്നേരം കണക്കു കൊടുക്കുമ്പോൾ ഉടമയുടെ തെറി മുഴുവൻ കേൾക്കണം
ഒരു സ്വകാര്യ ബസ് കണ്ടക്ടർ