കണ്ണൂർ :കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ 80 വയസിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കൊവിഡ് ബാധിതർ, ക്വാറന്റൈനിലുള്ളവർ എന്നിവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് രേഖപ്പെടുത്താം. അതിന് വേണ്ട നടപടി ക്രമങ്ങൾ ആരംഭിച്ചു.
ഇവർക്ക് വോട്ടിംഗ് കേന്ദ്രങ്ങളിൽ എത്തി വോട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടും കൊവിഡ് വ്യാപന സാദ്ധ്യതയും കണക്കിലെടുത്താണ് തപാൽ വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തിയത്. കാഴ്ച വൈകല്യമോ മറ്റു ആരോഗ്യപ്രശ്നങ്ങളാലോ വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് പ്രായപൂർത്തിയായ ഒരാളുടെ സഹായം തേടാവുന്നതാണ്. തപാൽ വോട്ടിനായി അപേക്ഷ നൽകിയവരുടെ അപേക്ഷകളിലെ വിവരങ്ങൾ വോട്ടർ പട്ടികയിലെ വിവരങ്ങളുമായി ഒത്തുനോക്കി ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അവർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിക്കുക.
വോട്ടർപട്ടികയിൽ അവരുടെ പേരിനു നേരെ 'പിബി' എന്ന് രേഖപ്പെടുത്തുകയും ചെയ്യും. തപാൽ വോട്ട് അപേക്ഷ നൽകിയവർക്ക് പിന്നീട് വോട്ടിംഗ് കേന്ദ്രത്തിൽ ചെന്ന് വോട്ട് ചെയ്യാൻ സാധിക്കുകയില്ല. കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും അതത് നിയോജക മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർക്ക് തപാൽ വോട്ടിനായി അപേക്ഷ നൽകാം. ആരോഗ്യവകുപ്പ് നൽകുന്ന പട്ടികയിലുള്ള കൊവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കുമാണ് പോസ്റ്റൽ ബാലറ്റിന് അർഹതയുള്ളത്.
താമസസ്ഥലത്ത് വോട്ടുചെയ്യാം
തപാൽ വോട്ടിനുള്ള അപേക്ഷകൾ (12 ഡി ഫോറം) പോളിംഗ് ഉദ്യോഗസ്ഥർ അവരുടെ താമസസ്ഥലങ്ങളിൽ എത്തിക്കും. വോട്ടിംഗ് കേന്ദ്രത്തിൽ എത്തി വോട്ട് ചെയ്യേണ്ടവർക്ക് അപ്രകാരവും ചെയ്യാം. വോട്ടർമാർ അവരുടെ മേൽവിലാസവും ഫോൺ നമ്പറും അപേക്ഷയ്‌ക്കൊപ്പം നൽകണം. എസ്എം.എസായോ തപാലായോ ബി.എൽ.ഒ മുഖാന്തിരമോ വോട്ടിംഗ് തീയ്യതി അറിയിക്കും. സ്‌പെഷ്യൽ പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ്, പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവർ അടങ്ങുന്ന സംഘത്തിനാണ് തപാൽ വോട്ടിന്റെ ചുമതല. ഇവർ വോട്ടർമാരുടെ താമസസ്ഥലങ്ങളിൽ എത്തി പോസ്റ്റൽ ബാലറ്റ് കൈമാറും. രഹസ്യമായി വോട്ട് രേഖപ്പെടുത്തി പ്രത്യേകം കവറിലാക്കി സംഘത്തിന് കൈമാറാം. റിട്ടേണിംഗ് ഓഫീസർക്ക് ദൂതൻ മുഖാന്തിരവും എത്തിക്കാം.
കണ്ണൂർ ജില്ല
28834 -ഭിന്നശേഷി വോട്ടർമാർ
80 വയസിന് മുകളിൽ 46818 വോട്ടർമാർ.