
കണ്ണൂർ: കൃഷിക്ക് ഒരിക്കലും അനുയോജ്യമല്ലാത്ത വരണ്ടുണങ്ങിയ പാറ പ്രദേശത്ത് വിളഞ്ഞ പഴവർഗങ്ങളാണ് ശ്രീവിദ്യയെന്ന കാസർകോട്ടുകാരിയെ മികച്ച വനിതാകർഷകയ്ക്കുള്ള അവാർഡിന് അർഹയാക്കിയത്. ഫാഷൻ ഫ്രൂട്ട് , റെഡ് ലേഡി , റംബൂട്ടാൻ , സ്ട്രോബറിയും വിളയിച്ച ഈ ബികോം ബിരുദധാരിണി നിരവധി വെല്ലുവിളികളെ മറികടന്നാണ് വനിതകൾക്ക് മാതൃകയായത്.
ഭൂപ്രകൃതി വച്ച് കൃഷിക്കനുയോജ്യമായ സ്ഥലമല്ലാതിരുന്നിട്ടും പാരമ്പരാഗത കാർഷികകുടുംബത്തിൽ ജനിച്ചു വളർന്ന ശ്രീവിദ്യയെ മണ്ണ് ചതിക്കില്ലെന്ന വിശ്വാസമാണ് മുന്നോട്ട് നയിച്ചത്.
ബേഡഡുടുക്ക പഞ്ചായത്തിലെ ബറോട്ടിയിൽ ആറ് ഏക്കറിലാണ് ശ്രീവിദ്യ സംയോജിത കൃഷി ഇറക്കിയത്. മണ്ണിട്ട് നിലമൊരുക്കിയപ്പോൾ ജലദൗർലഭ്യം വെല്ലുവിളിയായി.ഇത് മറികടക്കാൻ തടയണകൾ കെട്ടി വെള്ളം സംഭരിച്ചു. കിണർ റിച്ചാർജും ചെയ്തു.
സ്വകാര്യ കമ്പനി യിൽ അക്കൗണ്ടന്റായി ജോലിയുള്ളതിനാൽ പുലർച്ചെ നാലിന് എഴുന്നേറ്റാണ് കൃഷിത്തോട്ടത്തിലെ പണികൾ ചെയ്യുന്നത്. ഓഫീസിൽ നിന്ന് തിരിച്ചെത്തി വൈകീട്ട് ഏഴോടെ വീണ്ടും കൃഷിയിടത്തിലെത്തും . രണ്ടര ഏക്കറിൽ വാഴയും തെങ്ങുമാണ് കൃഷി. ബാക്കിയുള്ള സ്ഥലത്ത് ബയോ ഫ്ലോക്ക് മത്സ്യ കൃഷി, പശു വളർത്തൽ, വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ പച്ചക്കറികൾ, ചെറി, മൾബറി , വ്യത്യസ്തയിനം മാങ്ങകൾ എന്നിവയും. ഇന്ന് പ്രാദേശികാടിസ്ഥാനത്തിൽ വിറ്റഴിച്ച് തന്നെ മികച്ച ലാഭം നേടാൻ സാധിക്കുന്നുണ്ടെന്ന് ശ്രീവിദ്യ പറയുന്നു.
ചെറുപ്പം മുതൽ കൃഷിയിൽ തൽപ്പരയായിരുന്ന ശ്രീവിദ്യ 2014 മുതലാണ് കാർഷിക രംഗത്ത് സജീവമാകുന്നത്. പാറയിൽ കൃഷി ചെയ്യാനിറങ്ങിയ ഇവരെ ആദ്യമൊക്കെ പരിഹസിച്ചവർ ഏറെയാണ്. വിളഞ്ഞ് നിൽക്കുന്ന തോട്ടം കൊണ്ട് മറുപടി പറയുകയാണ് ഈ ബി.കോം ബിരുദധാരി. ക്ലബ് , കുടുoബശ്രീ, മഹിളാ അസോസിയേഷൻ എന്നിവയുടെയും സജീവ പ്രവർത്തകയാണ്. പ്രവാസിയായ എം.രാധാകൃഷ്ണന്റെ ഭാര്യയാണ് ശ്രീവിദ്യ. രേവതി കൃഷ്ണ, ശിവനന്ദ് എന്നിവർ മക്കളാണ്.
ഫാഷൻ ഫ്രൂട്ടിന്റെയും മറ്റ് പഴ വർഗങ്ങളുടെയും ഔഷധ ഗുണം മനസ്സിലാക്കി നിരവധി പേർ ഇത് വാങ്ങാനെത്തുന്നുണ്ട്. തുഛമായ മുടക്കുമുതലിൽ നിന്നും മാസം ശരാശരി 40,000 രൂപയുടെ ലാഭം ഇവയിൽ നിന്ന് മാത്രം നേടാൻ കഴിയുന്നുണ്ട്. എന്നാൽ വലിയ തുക നൽകി ആളുകൾ പഴകിയ വിഷ മീനുകൾ വാങ്ങുമ്പോൾ കൃഷി ചെയ്ത് നൽകുന്ന വിഷരഹിത മീനുകൾക്ക് മതിയായ വില നൽകാൻ ആളുകൾ മടിക്കുന്നു- ശ്രീ വിദ്യ