നീലേശ്വരം: ഇലക്ട്രോണിക് എൻജിനീയറായ മടിക്കൈ നാരയിലെ ഷെഫീഖ് റഹ്മാന്റെ കൃഷിയിടം കണ്ടവർക്ക് അതിലെ എൻജിനീയറിംഗ് അത്ഭുതമാണ്.
പ്രമുഖ മൊബൈൽ കമ്പനികളിൽ ഏഴു വർഷത്തോളം ജോലി ചെയ്ത ഈ യുവാവ് മാനസിക പിരിമുറുക്കം ഒഴിവാക്കാനാണ് പരമ്പരാഗതകൃഷിക്കാരനായ പിതാവിന്റെ വഴിയിലെത്തിയത്.
പിതാവ് അബ്ദുൾ റഹ്മാൻ ഹാജിയെ കൃഷിയിൽ സഹായിച്ചായിരുന്നു തുടക്കം. ആദ്യം ചെറിയ കോഴിഫാം. പിന്നാലെ പിതാവിന്റെ കൈവശമുള്ള എട്ട് ഏക്കർ സ്ഥലവും പാട്ടത്തിനെടുത്ത ഏഴ് ഏക്കറുമായി കൃഷിയിൽ സജീവമാകുകയായിരുന്നു. റബ്ബർ, തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക്, ജാതിക്ക, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന എന്നിവയോടൊപ്പം സ്വന്തം ആവശ്യത്തിനുള്ള നെല്ലും ഷെഫീഖ് കൃഷി ചെയ്യുന്നുണ്ട്. 40 ഓളം ആടുകളടങ്ങിയ ഫാമും രണ്ട് എരുമകളും ഷെഫീഖിനുണ്ട്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തതിനേക്കാൾ വരുമാനവും സ്വസ്ഥതയും ലഭിക്കുന്നുണ്ടെന്ന് ഷെഫിഖ് റഹ്മാൻ പറയുന്നു. ഭാര്യ സുനീറയും ഉമ്മ നഫീസയും മക്കളായ നിഹാൽ, നാസിൻ, നാസി എന്നിവരും ഷെഫീഖിനെ സഹായിക്കാനുണ്ട്.
അന്നം നൽകുന്ന കർഷകനാണെന്ന പരിഗണന നമ്മുടെ നാട്ടിൽ ഇന്നും കർഷകന് ലഭിക്കുന്നില്ല. സർക്കാർ ഓഫീസുകളിൽ പോലും കർഷകർക്ക് സ്വീകാര്യത ലഭിക്കാത്ത സ്ഥിതിയാണ്- ഷെഫീഖ് റഹ്മാൻ