മാതമംഗലം: എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് തല കൊവിഡ് ജാഗ്രതാ സമിതി മുന്നറിയിപ്പുനൽകി. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് പൊലീസ് / സെക്ടറൽ മജിസ്ട്രറ്റിനെ ചുമതലപ്പെടുത്തി.
പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടുള്ളവരുടെ പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ നിർബന്ധമായും ക്വാറന്റൈനിൽ പ്രവേശിക്കുകയും അവരുടെ പേരു വിവരങ്ങൾ ആരോഗ്യ വകുപ്പിനെ അറിയിക്കുകയും വേണം. പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകൾ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളുടെയും പ്രവൃത്തി സമയം ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ 10 മുതൽ 5 വരെയാക്കി നിജപ്പെടുത്തി. പൊതുജനങ്ങ ളുടെ പ്രവേശനം തടയുന്നതിന് കയർ കെട്ടി തിരിക്കേണ്ടതും മാസ്റ്റ്, സാനിറ്റൈസർ തുടങ്ങിയവ കർശനമാക്കുകയും വേണം.
പൊതു പരീക്ഷ അടുക്കുന്ന സാഹചര്യത്തിൽ കുട്ടികൾ കൂട്ടം കൂടി പൊതുസ്ഥലങ്ങളിൽ കളിക്കുന്നതും പൊതു വാഹനം ഉപയോഗിക്കുന്നതും ഒഴിവാക്കണം, ആൾക്കൂട്ടം ശ്രദ്ധയിൽ പെട്ടാൽ മെമ്പർമാർ സെക്ടറൽ മജിസ്‌ട്രേറ്റിനെ അറിയിക്കണം
അധ്യാപകർ കുട്ടികളുടെ ടെമ്പറേച്ചർ പരിശോധിച്ച ശേഷം മാത്രം പ്രവേശിപ്പിക്കേണ്ടതും, കൈയുറ, ഫേസ് ഷീൽഡ് തുടങ്ങിയ
മുൻകരുതലുകൾ സ്വീകരിക്കേണ്ടതുമാണ്. കൊവിഡ് രോഗികളുടെ വീട്ടിൽ നിന്ന് വരുന്ന കുട്ടികളുടെ വിവരങ്ങൾ അധ്യാപകർക്ക് കൈമാറേണ്ടതും അവർക്ക് പ്രത്യേക ഇരിപ്പിടങ്ങൾ സ്‌കൂളിൽ ഏർപ്പെടുത്തേണ്ടതുമാണ്.
ഭീഷണി കുറയുന്നതുവരെ വിവാഹം മറ്റു പൊതു ചടങ്ങുകൾ എന്നിവയിലെ പങ്കാളിത്തം പരമാവധി 50 ആയി കുറക്കേണ്ടതും കൃത്യമായ കൊവിസ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാണ്. പൊതുയോഗങ്ങൾ പരമാവധി ഓൺലൈനായി ചേരേണ്ടതാണ്. ആരാധനാലയങ്ങളിലെ മതപരമായ ആചാരങ്ങൾ ആൾക്കൂട്ടം ഒഴിവാക്കി ചടങ്ങുകളിൽ ഒതുക്കേണ്ടതാണ്.