
കാസർകോട്: കോട്ടകളുടെ നാടായ കാസർകോട്ട് മുസ്ലിംലീഗിന്റെ ഉരുക്കുകോട്ടയാണ് ചന്ദ്രഗിരി പുഴ അതിരിടുന്ന കാസർകോട് നിയോജകമണ്ഡലം. ത്രികോണ മത്സരമാണെങ്കിലും ലീഗിന്റെ തേരോട്ടത്തെ തടയാൻ സമീപകാലത്തൊന്നും ഇടതുമുന്നണിക്കോ, കാലങ്ങളായി രണ്ടാമതെത്തുന്ന ബി.ജെ.പിക്കോ സാധിച്ചിട്ടില്ലെന്നതിൽ നിന്ന് മണ്ഡലത്തിന്റെ കൂറ് പ്രകടമാകും..
ഇടതുമുന്നണിക്ക് കെട്ടിവച്ച കാശ് പോലും നഷ്ടമായ കേരളത്തിലെ ഏകമണ്ഡലത്തിൽ ലീഗിന്റെ പ്രധാന പ്രതിയോഗി ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ തന്നെയാണിവിടെ. രണ്ട് തവണ മത്സരിച്ചുജയിച്ച എൻ.എ.നെല്ലിക്കുന്നിന് പകരം നിരവധി സ്ഥാനാർത്ഥികളുടെ പേരുകൾ ആദ്യഘട്ടത്തിൽ ലീഗിൽ നിന്ന് ഉയർന്നുവന്നിരുന്നു.ഒരു ഘട്ടത്തിൽ അഴീക്കോട് നിയോജകമണ്ഡലം വിട്ട് കാസർകോട് മത്സരിക്കാൻ കെ.എം.ഷാജി താൽപര്യപ്പെട്ടിരുന്നു.ഈ ഘട്ടത്തിൽ കാസർകോട്ടെ ലീഗ് നേതൃത്വം പാണക്കാട്ടെത്തി എതിർപ്പറിയിച്ചതോടെ എൻ.എ നെല്ലിക്കുന്നിന്റെയും മുൻ കാസർകോട് നഗരസഭാദ്ധ്യക്ഷനും പാർട്ടി ജില്ലാ പ്രസിഡന്റുമായ ടി.ഇ.അബ്ദുള്ളയുടെയും പേരുകൾ ചർച്ചയായിട്ടുണ്ട്.ബി.ജെ.പിയിലും സ്ഥാനാർത്ഥി ആരെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഇടതുമുന്നണി ഐ .എൻ .എല്ലിനായി നൽകാറുള്ള സീറ്റാണിത്. ഇവിടെ പൊതുസമ്മതനെ നിർത്തണോയെന്ന ആലോചന പുരോഗമിക്കുകയാണ്.
അല്പം ചരിത്രം
1957 ൽ രൂപംകൊണ്ട കാസർകോട് നിയോജക മണ്ഡലത്തിൽ സി കുഞ്ഞികൃഷ്ണൻ നായരായിരുന്നു ആദ്യ എം.എൽ.എ ആയത്. 1960 ൽ എം കുഞ്ഞിക്കണ്ണൻ നമ്പ്യാരും 1967 ൽ യു പി കുനിക്കുല്ലായയും 1970 ൽ ബി. എം. അബ്ദുൽ റഹ്മാനും 1977 ൽ ടി .എ. ഇബ്രാഹിമും 78 ൽ വീണ്ടും ബി. എം. അബ്ദുൽ റഹ്മാനും നിയമസഭയിൽ എത്തി. 1980 മുതൽ 2006 വരെയുള്ള ഏഴ് തിരഞ്ഞെടുപ്പിൽ തുടർച്ചയായി വിജയിച്ച സി ടി അഹമ്മദലി മന്ത്രിയുമായി. . 2011 ലെ തിരഞ്ഞെടുപ്പിലാണ് സി .ടിയുടെ പഴയ എതിരാളി എൻ എ നെല്ലിക്കുന്ന് ലീഗിൽ തിരിച്ചെത്തി സ്ഥാനാർത്ഥിത്വം നേടി പതിനായിരത്തോളം വോട്ടിന് ജയിച്ചത്. ബി ജെ പിയുടെ ജയലക്ഷ്മി ഭട്ടിനെതിരെ 9718 വോട്ടിനായിരുന്നു ജയം.. ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന ഐ എൻ എല്ലിലെ അസീസ് കടപ്പുറം 26000 ത്തോളം വോട്ടുകൾ അന്ന് നേടി. 2016 ൽ രവീശ തന്ത്രി കുണ്ടാറിനെ ബി.ജെ.പി ഇറക്കിയപ്പോൾ ഭൂരിപക്ഷം 8607 വോട്ടായി കുറഞ്ഞു.. ഐ എൻ എല്ലിലെ എ എ അമീൻ 21615 വോട്ടും നേടി. തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്താൻ ഈ മണ്ഡലത്തിൽ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്.
മുസ്ലിം ലീഗിൽ എൻ.എ നെല്ലിക്കുന്ന്, ടി.ഇ.അബ്ദുള്ള എന്നിവർക്ക് മുൻഗണന
എൽ.ഡി.എഫ് ഐ.എൻ.എല്ലിന് നൽകിയ സീറ്റിൽ പൊതുസ്വതന്ത്രനായി നീക്കം
സീറ്റ് പിടിച്ചെടുക്കാൻ കരുതലോടെ ബി.ജെ.പി