
മലപ്പുറം: തിരഞ്ഞെടുപ്പ് കാലത്ത് മലപ്പുറത്ത് ബി.ജെ.പി പുതിയ തന്ത്രം പ്രയോഗിക്കുന്നു. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ എ.പി അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിച്ച് ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്തേക്ക് പുറംതള്ളാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ആയ അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വത്തിൽ ധാരണയായി. നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിനൊപ്പം അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാർഥിത്വ പ്രഖ്യാപനവും ഉണ്ടാകും. അബ്ദുള്ളക്കുട്ടിയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ മലപ്പുറത്ത് ശക്തമായ മത്സരം കാഴ്ചവയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
കഴിഞ്ഞ തവണ 57.01 ശതമാനം വോട്ടുനേടിയാണ് മുസ്ലിം ലീഗിലെ പി.കെ കുഞ്ഞാലിക്കുട്ടി മണ്ഡലത്തിൽ ജയിച്ചുകയറിയത്. പ്രധാന എതിരാളിയായ സി.പി.എമ്മിലെ വി.പി സാനുവിന് 31.87 ശതമാനം വോട്ടു മാത്രമാണ് നേടാനായത്. അബ്ദുള്ളക്കുട്ടിയെ സ്ഥാനാർഥിയാക്കുന്നതിലൂടെ മുസ്ലിം ലീഗും ബി.ജെ.പിയും തമ്മിൽ നേരിട്ടുള്ള മത്സരം എന്ന പ്രതീതിയുണ്ടാക്കാനാവുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടികയിലും അബ്ദുള്ളക്കുട്ടിയുടെ പേര് പരിഗണനയിൽ വന്നെങ്കിലും മലപ്പുറത്ത് മത്സരിപ്പിക്കുന്നതാവും കൂടുതൽ ഗുണം ചെയ്യുകയെന്ന വിലയിരുത്തലിലാണ് ബി.ജെ.പി എത്തിയത്. അബ്ദുള്ളക്കുട്ടി നേരത്തെ ഇടതു മുന്നണിയെയും പിന്നീട് യു.ഡി.എഫിനൈയും പ്രതിനിധീകരിച്ച് എം.പിയും എം.എൽ.എയും ആയിരുന്നു.
ഇരു മുന്നണികളിലെയും അസംതൃപ്ത വിഭാഗങ്ങളെ ആകർഷിക്കാൻ അബ്ദുള്ളക്കുട്ടിക്കാവുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. അബ്ദുള്ളക്കുട്ടിയുടെ പാർട്ടി പ്രവേശനത്തിന് ശേഷം മുസ്ലീം ന്യൂനപക്ഷത്തിന് ബി.ജെ.പിയോട് നേരത്തെ ഉണ്ടായിരുന്ന മനോഭാവത്തിൽ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് മാത്രം ഏഴ് മുസ്ലീം സ്ഥാനാർത്ഥികൾ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചിരുന്നു.