thankayam
തങ്കയം താലൂക്ക് ആശുപത്രിയിൽ പാർക്കിംഗ് സൗകര്യമൊരുക്കാൻ പറ്റുന്നസ്ഥലം കാടുകയറി കിടക്കുന്നു

തൃക്കരിപ്പൂർ: പാർക്കിംഗ് സൗകര്യമില്ലാതെ തങ്കയം താലൂക്ക് ആശുപത്രിയിൽ വിവിധ ആവശ്യങ്ങൾക്കായെത്തുന്ന വാഹന ഡ്രൈവർമാർ വീർപ്പുമുട്ടുന്നു. ആശുപത്രിയുടെ ഗേറ്റ് മുതൽ കെട്ടിട സമുച്ചയം വരെയുള്ള, പോകാനും വരാനുമുള്ള പാത നിറയെ വാഹനങ്ങൾ നിർത്തിയിട്ടത് കാരണം അത്യാവശ്യമായി ആശുപത്രിയിലേക്കെത്തിക്കേണ്ട രോഗികളുമായെത്തുന്നവർ പാടുപെടുകയാണ്. രോഗികളടക്കമുള്ളവർക്ക് പരസ്പരം തട്ടിയും മുട്ടിയും മാത്രമേ ആശുപത്രിയിലേക്ക് കടക്കാൻ കഴിയുന്നുള്ളൂ.

കൊവിഡ് കാലത്ത് ഇത് പൊതുജനങ്ങൾക്ക് മറ്റൊരു പ്രതികൂലാവസ്ഥ ഉണ്ടാക്കുന്നു. ഡയാലിസിസടക്കമുള്ള ചികിത്സാ സൗകര്യമുള്ളതിനാൽ തങ്കയം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ തിരക്ക് ദിനംതോറും വർദ്ധിച്ചു വരികയാണ്. എന്നാൽ വളരെ ചെറിയ പാർക്കിംഗ്‌ സൗകര്യമേ ഇവിടെ ഉള്ളൂവെന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. രാവിലെ 10 മണിയാകുമ്പോൾ തന്നെ പാർക്കിംഗ്‌ ഏരിയ വാഹനങ്ങൾ കൊണ്ട് നിറയും. ഡോക്ടർമാരടക്കമുള്ള ആശുപത്രി ജീവനക്കാരുടെ വാഹനമെത്തുന്നതോടെ പാർക്കിംഗിന് മറ്റു സൗകര്യമില്ലാതാകും. പിന്നീട് ഇരുചക്രവാഹനങ്ങളിലും കാറുകളിലും ഓട്ടോറിക്ഷയിലുമായെത്തുന്ന രോഗികൾ വന്ന വാഹനം വഴിയിൽ തന്നെ പാർക്ക് ചെയ്യാൻ നിർബ്ബന്ധിതരാവുകയാണ്.

കാടുനീക്കിയാൽ പ്രശ്നപരിഹാരമാകും

പ്രവേശന കവാടത്തിന് പുറത്ത് ഓട്ടോറിക്ഷ സ്റ്റാൻഡും മെയിൻ റോഡുമായതിനാൽ അവിടെയും വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമില്ല. എന്നാൽ ഗേറ്റിന് തൊട്ടു വടക്കുഭാഗത്തായി ഡയാലിസിസ് കെട്ടിടത്തിന് തൊട്ടായി മുൻപുണ്ടായ തണൽമരം മുറിച്ചുമാറ്റിയ സ്ഥലം കുറ്റിക്കാടുകൾ നിറഞ്ഞു ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. അധികം പ്രയാസമില്ലാതെ തന്നെ അവിടം വൃത്തിയാക്കി പാർക്കിംഗിന് സൗകര്യമൊരുക്കിയാൽ നടപ്പാതയിലെ പാർക്കിംഗും പ്രയാസങ്ങളും ഒഴിവാക്കാൻ കഴിയും.

തങ്കയം താലൂക്ക് ആശുപത്രിയിലെത്തുന്ന വാഹനങ്ങൾക്ക് വേണ്ടത്ര പാർക്കിംഗ് സൗകര്യമില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കഴിയുന്നത്ര വേഗത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും.

മാധവൻ മണിയറ,

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്