കാഞ്ഞങ്ങാട്: ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ കയറാൻ ബസുകൾ വിമുഖത കാട്ടിയ സാഹചര്യത്തിൽ നിയന്ത്രിക്കാൻ പൊലീസ് ഇറങ്ങി. ഈ മാസം ഒന്നു മുതൽ സ്വകാര്യ- കെ.എസ്.ആർ.ടി.സി ബസുകൾ ആലാമിപ്പള്ളി സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റണമെന്ന് നഗരസഭ നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം പാലിക്കുന്നതിലാണ് വീഴ്ചയുണ്ടായത്.
ബസ് സ്റ്റാൻഡിൽ കയറാൻ നിന്നാൽ സമയക്രമം പാലിക്കാൻ ബുദ്ധിമുട്ടാണെന്ന വാദമായിരുന്നു ബസ് ജീവനക്കാർക്ക്. ബസുകൾ സ്റ്റാൻഡിൽ കയറിയിറങ്ങാതെ മെയിൻ റോഡിലൂടെ തന്നെ പോവുകയും വരികയും ചെയ്തു. ഇതേ തുടർന്ന് നഗരസഭ കഴിഞ്ഞ ദിവസം ഡിവൈ.എസ്.പിക്ക് കത്ത് നൽകിയിരുന്നു. അതുപ്രകാരം ഇന്നലെ പൊലീസ് ഉദ്യോഗസ്ഥനെ ആലാമിപ്പള്ളി ജംഗ്ഷനിൽ ഡ്യൂട്ടിക്കിട്ടു. ഇന്നലെ രാവിലെ ചെയർപേഴ്‌സൺ കെ.വി സുജാത, വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള എന്നിവരും സ്റ്റാൻഡിലെത്തിയിരുന്നു. അതോടെയാണ് ബസുകൾ സ്റ്റാൻഡിൽ കയറാൻ നിർബന്ധിതരായത്. രണ്ട് വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത ബസ് സ്റ്റാൻഡിൽ നിന്ന് ഒരു രൂപയുടെ വരുമാനം പോലും ഇതുവരെ നഗരസഭയ്ക്കുണ്ടായിട്ടില്ല.