കേളകം (കണ്ണൂർ): പോളിയോ ബാധിച്ച് ഒന്നര വയസിൽ ഇടതുകാലിന്റെ ചലനശേഷി നഷ്ടപ്പെട്ട അനിൽകുമാറിനെ വിധി ഒരിക്കൽക്കൂടി നിഷ്‌കരുണം വേട്ടയാടി. അങ്ങനെ ഒരു ഊന്നുവടി രണ്ടായി. എന്നിട്ടും തളർന്നില്ല, അടക്കാത്തോട് ശാന്തിഗിരിയിലെ ചെങ്കുത്തായ കുന്നിൻപുറത്ത് വിളഞ്ഞുനിൽക്കുന്ന മൂന്നരയേക്കർ തോട്ടം അതിനു സാക്ഷിയാണ്. 37വയസായ അനിലിന്റെ കഥ വായിക്കാം.
ഐ.ടി.ഐയിൽ ഇലക്ട്രോണിക്‌സ് പഠനം കഴിഞ്ഞ് അതുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിനൊപ്പം ചെറിയൊരു സ്റ്റേഷനറി കടയും ചില്ലറ കൃഷിയുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് സുഹൃത്തുമായുള്ള ബൈക്ക് യാത്ര അപകടത്തിൽ കലാശിച്ചത്. പോളിയോ ബാധിച്ച കാല് അപകടത്തിൽ പൂർണമായും തകർന്നു. പക്ഷേ, അനിൽകുമാർ പരിമിതികളെക്കുറിച്ചോർത്ത് സമയം പാഴാക്കിയില്ല. ആരോഗ്യമുള്ളവർ പോലും കയറിച്ചെല്ലാൻ പ്രയാസപ്പെടുന്ന ശാന്തിഗിരിയിലെ കുത്തനെയുള്ള പാറക്കെട്ടുകൾക്കിടയിലെ മൂന്നര ഏക്കർ പറമ്പിലേക്ക് രണ്ട് ഊന്നുവടികളുടെ സഹായത്തോടെ നടന്നുകയറി. വാഴ, കുരുമുളക്, തീറ്റപ്പുല്ല്, കപ്പ, കൊക്കോ, ഓറഞ്ച്, കാപ്പി, കമുക് എന്നിവയെല്ലാം നട്ടുവളർത്തി. സമ്മിശ്രകൃഷിയുടെ മികച്ച മാതൃകകൂടിയാണ് അനിൽകുമാറിന്റെ കൃഷിത്തോട്ടം.
ഒമ്പത് വർഷം മുമ്പ് അടക്കാത്തോട് വച്ചാണ് അപകടമുണ്ടായത്. ഒന്നരവർഷം കിടന്ന കിടപ്പിൽ. മംഗളൂരുവിൽ മൂന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനായി. മുട്ടുകൾ മടക്കാനാകാത്ത അവസ്ഥയിൽ ഇരുന്നു ജോലി ചെയ്യാനാവാത്തതിനാൽ ഇലക്ട്രോണിക്സ് കട പൂട്ടി. ജീവിക്കാൻ എന്തുചെയ്യും? കഠിനപരിശ്രമത്തിലൂടെ രണ്ടുവർഷത്തിനകം കൃഷിയിടത്തേക്ക് നടന്നുകയറി.
വിവിധ വിളകൾക്കു പുറമെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് ആട്, കോഴി, പോത്ത്, പശു, തേനീച്ച എന്നിവ വളർത്തിയും വരുമാനം കണ്ടെത്തുന്നു. കൃഷിയിടം സന്ദർശിച്ച കേളകം കൃഷി ഓഫീസർ കെ.ജി. സുനിൽ കർഷകമിത്രം എന്ന വാട്‌സ്ആപ്പ് കൂട്ടായ്‌മയിൽ അത് പങ്കുവച്ചതോടെയാണ് അനിൽ കുമാറിന്റെ അതിജീവനകഥ പുറംലോകം അറിഞ്ഞത്. അടക്കാത്തോട്ടിലെ ചീരംവേലിൽ ജസ്റ്റിനാണ് അനിൽകുമാറിന് ആധുനിക കൃഷിരീതിയെ സംബന്ധിച്ച് ഉപദേശങ്ങളുമായി കൂടെ നിന്നത്.
2006ൽ പുൽപ്പള്ളി സ്വദേശി പ്രേമയെ വിവാഹം ചെയ്‌തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അനുരാഗും അഞ്ചാം ക്ലാസിൽ പഠിക്കുന്ന അനാമികയുമാണ് മക്കൾ. ഇവരും സഹോദരൻ സുനിലും മാതാപിതാക്കളും അനിൽകുമാറിന്റെ വിജയത്തിനു പിന്നിൽ സജീവമായുണ്ട്. മൂന്ന് നായകളുടെ കാവലും കൃഷിയ്‌ക്കുണ്ട്.