പയ്യന്നൂർ: വാളയാർ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി ആവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതിയാത്രക്ക് ഇന്ന് വൈകീട്ട് 4ന് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് , വാളയാർ സമര ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും.
വാളയാർ പെൺകുട്ടികളുടെ അമ്മ നീതിക്കുവേണ്ടി പാലക്കാട് നടത്തിയ അനിശ്ചിത കാല സത്യഗ്രഹസമരം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് നിർത്തിവെക്കുകയും സർക്കാറിനോടുള്ള പ്രതിഷേധ സൂചകമായി തല മുണ്ഡനം ചെയ്യുകയുമുണ്ടായി. തുടർന്നാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിലുടനീളം ജനങ്ങളോട് സംവദിക്കാൻ നീതിയാത്ര നടത്തുന്നത്.
പയ്യന്നൂരിൽ നടക്കുന്ന യോഗത്തിൽ വാളയാർ അമ്മയോടൊപ്പം സി.ആർ. നീലകണ്ഠൻ, വിളയോടി വേണുഗോപാൽ, വി.എം. മാർസൺ തുടങ്ങിയവർ പങ്കെടുക്കും.