jayanandha-
കെ ആർ ജയാനന്ദ

കാസർകോട് : മഞ്ചേശ്വരം മണ്ഡലത്തിലെ മുക്കും മൂലയും പരിചയമുള്ള ജനഹിതം അറിയുന്ന കെ.ആർ. ജയാനന്ദയെ സ്ഥാനാർത്ഥിയാക്കാൻ ഒടുവിൽ സി.പി.എമ്മിൽ ധാരണ. തീയ്യ, ബില്ലവ, പൂജാരി വിഭാഗത്തിന് മാത്രമായി 42,000 വോട്ടുകളുള്ള മണ്ഡലത്തിൽ പിന്നാക്കസമുദായക്കാരനായ ജയാനന്ദയ്ക്ക് നറുക്കുവീഴുകയായിരുന്നു.

2016 ലെ തിരഞ്ഞെടുപ്പിലും 2019 ലെ ഉപതിരഞ്ഞെടുപ്പിലും കെ.ആർ. ജയാനന്ദയുടെ പേരായിരുന്നു ആദ്യം ഉയർന്നത്. പക്ഷെ രണ്ടുതവണയും മറ്റുള്ളവർക്കുവേണ്ടി വഴിമാറേണ്ടി വരികയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ശങ്കർ റായിക്ക് വേണ്ടിയാണ് മാറിയത്. ആന്റണി സർക്കാർ ചാരായ ഷാപ്പുകൾ പൂട്ടിയപ്പോൾ 12 വർഷം നീണ്ട തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളിയാണ് ജയാനന്ദ. മഞ്ചേശ്വരം കനില ഭഗവതി ക്ഷേത്രത്തിലെ ആചാരക്കാരൻ ആയിരുന്ന രാമപ്പ ഗുരുക്കളുടെയും ദേവകിയുടെയും മകനായ ഇദ്ദേഹം അവിവാഹിതനാണ്. 2000 ത്തിൽ ലീഗ് കോട്ടയായ ബങ്കര വാർഡിൽ നിന്ന് ജയിച്ചു മഞ്ചേശ്വരം പഞ്ചായത്ത്‌ ഭരണസമിതിയംഗമായി. 2015 ൽ പെർമുദെ ഡിവിഷനിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പറുമായി.

കമ്മ്യൂണിസ്റ്റ് അനുഭാവിയായ പിതാവ് വഴിയാണ് ജയാനന്ദ സി.പി.എമ്മിലെത്തിയത്. ഹൊസങ്കടി സ്വദേശിയായ ഇദ്ദേഹം എസ്.എഫ്.ഐയിലൂടെയായിരുന്നു പൊതുപ്രവർത്തനം തുടങ്ങിയത്. ഡി.വൈ.എഫ്.ഐയിലും പ്രവർത്തിച്ച ശേഷം 1988 ലാണ് പാർട്ടി അംഗമായത്. 1992 മുതൽ 2002 വരെ ഡി.വൈ.എഫ്.ഐ മഞ്ചേശ്വരം ബ്ലോക്ക് സെക്രട്ടറിയും ജില്ലാ ജോയിന്റ് സെക്രട്ടറിയും വൈസ് പ്രസിഡന്റും ആയിട്ടുണ്ട്. 2003 മുതൽ സി.പി.എം ഏരിയ സെക്രട്ടറി, കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം ഇപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറാണ്. 10 വർഷം ദിനേശ് ബീഡി സഹകരണ സംഘം പ്രസിഡന്റ് ആയിരുന്ന ജയാനന്ദ നിലവിൽ കാസർകോട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആണ്. ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി, ഗോവിന്ദപൈ സ്മാരക ട്രസ്റ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്.

ബി.ജെ.പിക്ക് പഴയ പ്രതാപമില്ലെന്നും ഖമറുദ്ദീൻ കേസിൽ അകപ്പെട്ടതോടെ യു.ഡി.എഫ് പ്രതിസന്ധിയിലാണെന്നുമാണ് മണ്ഡലം തിരിച്ചുപിടിക്കാമെന്ന ഇടതുമുന്നണിയുടെ വിശ്വാസത്തിന്റെ അടിസ്ഥാനം.