vc
വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ വനിതാ അധ്യാപകർ, ജീവനക്കാർ എന്നിവരുമായി വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു സംവദിക്കുന്നു

കാസർകോട്: കേരള കേന്ദ്ര സർവ്വകലാശാല സ്ത്രീ സൗഹൃദ പദ്ധതികൾക്ക് മുൻതൂക്കം നൽകിയുള്ള പരിപാടികൾക്ക് വനിതാ ദിനത്തിൽ തുടക്കം കുറിച്ചു. എല്ലാ വർഷങ്ങളിലും സ്ത്രീ സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകാനാണ് വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വർലുവിന്റെ നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ നടത്തുന്നത്.

വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ അധ്യാപകരുടെയും ജീവനക്കാരുടെയും സമ്മേളനം സംഘടിപ്പിച്ചാണ് പദ്ധതിക്ക് വൈസ് ചാൻസലർ തുടക്കം കുറിച്ചത്. പെരിയയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർവ്വകലാശാലയിലെ അറുപത് ശതമാനത്തിലേറെ വിദ്യാർത്ഥികൾ പെൺകുട്ടികളാണ്. അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സർവ്വകലാശാല സാധ്യമായതെല്ലാം ചെയ്യുമെന്ന് വി.സി പ്രഖ്യാപിച്ചു.

പുതുതായി വൈസ് ചാൻസലറായി ചുമതല ഏറ്റെടുത്ത പ്രൊഫ. എച്ച്.വെങ്കടേശ്വർലു സർവ്വകലാശാലയുടെ പ്രവർത്തനങ്ങളിൽ വൈവിധ്യവൽക്കരണമാണ് ലക്ഷ്യമിടുന്നത്. വനിതാ ദിന സമ്മേളനത്തിൽ വൈസ് ചാൻസലർക്ക് പുറമെ രജിസ്ട്രാർ ഡോ. എം. മുരളീധരൻ നമ്പ്യാർ, ഫിനാൻസ് ഓഫീസർ ഡോ. ബി.ആർ. പ്രസന്ന കുമാർ, അക്കാഡമിക് ഡീൻ പ്രൊഫ.കെ.പി. സുരേഷ് എന്നിവർ പ്രസംഗിച്ചു. വിവിധ വകുപ്പുകളെയും വിഭാഗങ്ങളെയും പ്രതിനിധീകരിച്ച് ഡോ.ജാസ്മിൻ ഷാ, ഡോ. ജെ. സംഗീത, ഡോ.ദേവി കെ., ഡോ.ദേവി പാർവ്വതി, ഡോ. ആരതി നായർ, ഡോ. ജയലക്ഷ്മി രാജീവ്, ഡോ.സുപ്രിയ, കെ.പി. അർച്ചന, എം. ശ്രീജയ, കുസുമം, ബിന്ദു പ്രമോദ്, സി.എ. അബീറ, കെ. ചാരുത എന്നിവർ സംസാരിച്ചു.

കാമ്പസിനുള്ളിൽ ബാറ്ററി സൈക്കിളുകൾ

കാമ്പസിനുള്ളിൽ യാത്ര ചെയ്യുന്നതിന് ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സൈക്കിളുകൾ ഏർപ്പെടുത്തും. ഇതിൽ വനിതകൾക്ക് മുൻഗണന നൽകും. ഓരോ വകുപ്പിലും പ്രത്യേക സ്ത്രീ സൗഹൃദ റൂമുകൾ ഒരുക്കുന്നതും നടന്നുവരികയാണ്. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ ശ്രമിക്കും. ജില്ലയുടെ പിന്നോക്ക മേഖലകളിൽ ഇത്തരം വിഷയങ്ങളിൽ ബോധവത്കരണം നടത്താൻ കേന്ദ്ര സർവ്വകലാശാല തയ്യാറാകും.