jayanandha

കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിലെ മുക്കും മൂലയും പരിചയമുള്ള കെ.ആർ. ജയാനന്ദയെ സ്ഥാനാർത്ഥിയാക്കാൻ ഒടുവിൽ സി.പി.എം നിശ്ചയിച്ചു. 1957 ൽ മണ്ഡലം രൂപംകൊണ്ടതിന് ശേഷം തീയ്യ സമുദായത്തിൽ നിന്നും ആദ്യമായി ഇടതുമുന്നണി നിർത്തുന്ന സ്ഥാനാർത്ഥി കൂടിയാണ് ജയാനന്ദ. തീയ്യ, ബില്ലവ, പൂജാരി വിഭാഗത്തിന്റെ മാത്രമായി മണ്ഡലത്തിലുള്ള 42000 വോട്ടുകളിൽ തന്നെയാണ് ജയാനന്ദയുടെ പ്രതീക്ഷകളും. മത്സരിക്കുന്നത് മുന്നണികൾ ആണെങ്കിലും ജാതി, മത വോട്ടുകൾ തന്നെയാണ് മഞ്ചേശ്വരം മണ്ഡലത്തിൽ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിൽ വിജയികളെ നിർണ്ണയിച്ചത്.

2016 ലെ തിരഞ്ഞെടുപ്പിലും 2019 ലെ ഉപതിരഞ്ഞെടുപ്പിലും കെ.ആർ. ജയാനന്ദയുടെ പേര് ഉയർന്നു കേട്ടിരുന്നു. പക്ഷെ രണ്ടുതവണയും തെറിപ്പിച്ചു. ഉപതിരഞ്ഞെടുപ്പിൽ ശങ്കർ റായിക്ക് വേണ്ടി മാറിനിൽക്കേണ്ടിവന്നു. മൂന്നാം തവണ വന്നപ്പോഴാണ് സി.പി.എം. സംസ്ഥാന നേതൃത്വം ജയാനന്ദയുടെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചത്. ആന്റണി സർക്കാർ ചാരായ ഷാപ്പുകൾ പൂട്ടിയപ്പോൾ 12 വർഷം നീണ്ട തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളിയാണ് ജയാനന്ദ.

മഞ്ചേശ്വരം കനില ഭഗവതി ക്ഷേത്രത്തിലെ ആചാരക്കാരൻ ആയിരുന്ന രാമപ്പ ഗുരുക്കളുടെയും ദേവകിയുടെയും അവിവാഹിതനായ മകൻ, അച്ഛന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ള ആഭിമുഖ്യം തിരിച്ചറിഞ്ഞ് സി.പി.എമ്മിൽ എത്തിയതാണ് ജയാനന്ദ. മണ്ഡലത്തിലെ ഹൊസങ്കടി സ്വദേശിയായ ജയാനന്ദ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി 1988 ലാണ് പാർട്ടി അംഗമായത്. 1992 മുതൽ 2002 വരെ ഡി.വൈ.എഫ്.ഐ മഞ്ചേശ്വരം ബ്ലോക്ക് സെക്രട്ടറിയും ജില്ലാ ജോയിന്റ് സെക്രട്ടറിയും വൈസ് പ്രസിഡന്റും ആയിട്ടുണ്ട്. 2003 മുതൽ സി.പി.എം ഏരിയ സെക്രട്ടറി, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം ഇപ്പോൾ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറാണ്. 10 വർഷം ദിനേശ് ബീഡി സഹകരണ സംഘം പ്രസിഡന്റ് ആയിരുന്ന ജയാനന്ദ നിലവിൽ കാസർകോട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആണ്.

2000ത്തിൽ ലീഗ് കോട്ടയായ ബങ്കര മഞ്ചേശ്വരം വാർഡിൽ നിന്ന് ജയിച്ച് മഞ്ചേശ്വരം പഞ്ചായത്ത്‌ മെമ്പറും 2015ൽ പെർമുദെ ഡിവിഷനിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പറും ആയിരുന്നിട്ടുണ്ട്. ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി, ഗോവിന്ദപൈ സ്മാരക ട്രസ്റ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. ബി.ജെ.പിയുടെ പഴയ പ്രതാപമൊന്നും മണ്ഡലത്തിൽ ഇപ്പോൾ ഇല്ലെന്നും ഖമറുദ്ദീൻ കേസിൽ അകപ്പെട്ടതോടെ യു.ഡി.എഫ് തകർന്നുവെന്നും പറയുന്ന ജയാനന്ദ ഈ രണ്ടു കോട്ടയും തകർക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ഗോദയിൽ ഇറങ്ങുന്നത്.