കാസർകോട്: കഴിഞ്ഞ 55,000 വർഷത്തെ കാലയളവിലെ ഓരോ 10,000 വർഷങ്ങളിലും കാലവർഷം ശക്തിപ്പെടുന്നുവെന്ന് പഠനം. 7000 മുതൽ 5000 വരെ വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന മൺസൂൺ ഇന്നത്തേതിനേക്കാൾ വളരെയേറെ ശക്തമായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. കേരള കേന്ദ്ര സർവകലാശാലയിലെ ജിയോളജി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ.വി. സിജിൻ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ.
ഇന്ത്യൻ മഹാസമുദ്രത്തിലെ ആന്തമാൻ കടലിൽ നിന്നു സംഭരിച്ച ചെളിമണ്ണിൽ കാണപ്പെട്ട മൈക്രോഫോസിലുകളുടെ പരിശോധനയിലൂടെയാണ് ചരിത്രാതീത കാലത്തെ മൺസൂണിലെ വ്യതിയാനങ്ങൾ പഠിച്ചത്. രാജ്യത്തിന്റെ സാമ്പത്തികനില കണക്കിലെടുക്കുമ്പോൾ മൺസൂൺ നിർണായക ഘടകമാണ്. മുൻ കാലങ്ങളിൽ ദുർബലമായ മൺസൂൺ കാരണം കടുത്ത വരൾച്ചയും ക്ഷാമവും ഉണ്ടാവുകയും സമ്പദ് വ്യവസ്ഥയും ഭക്ഷ്യ സുരക്ഷയും തകിടം മറിയുകയും ചെയ്തിരുന്നു.
2018ലും 2019ലും ശക്തമായ മൺസൂൺ വെള്ളപ്പൊക്കത്തിനു കാരണമാവുകയും ചെയ്തു. സൂര്യനിൽ നിന്നു പ്രസരിക്കുന്ന റേഡിയേഷനിലെ ചാഞ്ചല്യങ്ങളാണ് മൺസൂണിൽ ഇത്തരം വ്യതിയാനങ്ങൾ ആവർത്തിക്കാനുള്ള കാരണമായി ഡോ. സിജിൻ കുമാർ ചൂണ്ടിക്കാട്ടുന്നത്. കേരള കേന്ദ്ര സർവ്വകലാശാല, ഗോവയിലെ സമുദ്രശാസ്ത്ര പഠനത്തിനുള്ള കേന്ദ്ര സർക്കാർ സ്ഥാപനം, ഹൈദരാബാദിലെ ഭൗതിക ഭൂഗർഭ ശാസ്ത്ര പഠനത്തിനുള്ള കേന്ദ്ര സർക്കാർ സ്ഥാപനം, അമേരിക്കയിലെ ബ്രൗൺ സർവകലാശാല എന്നിവയിലെ ഗവേഷകരുടെ കൂട്ടായ പ്രയത്നത്തിലൂടെയാണ് പഠനം നടന്നത്. കേന്ദ്ര സർക്കാരിന്റെ എസ്.ഇ.ആർ.ബിയിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് പഠനം പൂർത്തിയാക്കിയത്. വൈലി എന്ന സ്ഥാപനത്തിന്റെ 'ക്വാറ്റെനറി സയൻസ്' എന്ന അന്തർദ്ദേശീയ ജേർണലിന്റെ സമീപകാലത്തെ പതിപ്പിൽ ഈ ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.