shaji
സുധാകരനും ഷാജിയും

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൂന്നാമങ്കത്തിനിറങ്ങുന്ന ലീഗിലെ കെ.എം. ഷാജിക്കു വേണ്ടി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ നേരിട്ടു പ്രചാരണത്തിനിറങ്ങും. സുധാകരന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും അഴീക്കോട്ട് യു.ഡി.എഫിന്റെ പ്രവർത്തനം.

അഴീക്കോട് മണ്ഡലത്തിൽ ലീഗും കോൺഗ്രസിലെ ഒരു വിഭാഗവും തമ്മിലുള്ള ശീതസമരം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കെ. സുധാകരൻ തന്നെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്.വിഘടിച്ചു നിൽക്കുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സുധാകരൻ ഇറങ്ങിയാലെ സാധ്യമാവൂ എന്ന് ലീഗ് നേതൃത്വം അദ്ദേഹത്തെ അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സുധാകരൻ അഴീക്കോട് മണ്ഡലത്തിന്റെ ചുക്കാൻ പിടിക്കാൻ തയാറായത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് എതിരാളിയായി എത്തിയതോടെ മത്സരം കൂടുതൽ കടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെ തുടർന്നായിരുന്നു അഴീക്കോട് മണ്ഡലത്തിൽ ലീഗ്- കോൺഗ്രസ് ചേരിതിരിവ് രൂക്ഷമായത്. വളപട്ടണം പഞ്ചായത്തിൽ മുസ്ലിം ലീഗ് മുന്നണി സംവിധാനം പാലിക്കാതെ തനിച്ച് മത്സരിക്കുകയായിരുന്നു. ലീഗിനെതിരെ വളപട്ടണത്ത് കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ലീഗും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയ വാർഡുകളിൽ ബി.ജെ.പിക്കായിരുന്നു വിജയം.