കണ്ണൂർ: നടക്കില്ലെന്ന് കരുതിയ സ്വപ്നം യാഥാർത്ഥ്യമാക്കി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എം.ഡി വി. തുളസീദാസ് മടങ്ങുന്നു. ശബരിമലയിലെ പുതിയ എയർപോർട്ട് യാഥാർത്ഥ്യമാക്കാനുള്ള ദൗത്യം ഏറ്റെടുത്താണ് അദ്ദേഹം 12ന് കണ്ണൂരിനോട് വിട പറയുന്നത്.
ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമായി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും ഏർപ്പെടുത്തിയ ശേഷമാണ് തുളസീദാസിന്റെ നേതൃത്വത്തിൽ കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. പച്ച പിടിച്ചുവരുന്നതിനിടെ കടന്നുവന്ന കൊവിഡ് മൂലം വരുമാനത്തിൽ വലിയ കുറവ് നേരിട്ടതോടെ പിടിച്ചു നിൽക്കാൻ നന്നെ ബുദ്ധിമുട്ടി. നേരത്തെ കിട്ടിക്കൊണ്ടിരുന്ന വരുമാനത്തിൽ 70 ശതമാനത്തോളം കുറവുവന്നുവെന്നും തുളസീദാസ് പറഞ്ഞു.
വിദേശ വിമാനക്കമ്പനികൾ മനസുവയ്ക്കണം
കാർഗോ കോംപ്ളക്സും ഡ്യൂട്ടി ഫ്രീ ഷോപ്പും അധികം വൈകാതെ തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും നേരിടുന്ന പ്രതിസന്ധികൾ തന്നെയാണ് ഇപ്പോൾ കണ്ണൂർ വിമാനത്താവളവും നേരിടുന്നത്. വിമാനത്താവളം ലാഭത്തിലാക്കാൻ വിദേശ വിമാനക്കമ്പനികൾ സർവീസ് തുടങ്ങിയാൽ മാത്രമേ കഴിയൂവെന്ന് തുളസീദാസ് പറയുന്നു. തുടങ്ങിയ ഉടനെ ലാഭം കിട്ടുമെന്ന പ്രതീക്ഷയൊന്നും വേണ്ട. കുറഞ്ഞത് അഞ്ചുവർഷം കൊണ്ട് മാത്രമെ ലാഭത്തിലെത്താൻ കഴിയുള്ളൂ. 
ഔദ്യോഗിക ജീവിതത്തിന്റെ ഏറിയ പങ്കും കേരളത്തിനു പുറത്തും വിദേശത്തുമായിരുന്നു. നോർത്ത് ഈസ്റ്റ്, മുംബയ്, ഡൽഹി, മൗറീഷ്യസ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു കൂടുതലും. അപ്പോഴൊക്കെ മനസിൽ താലോലിച്ചത് സ്വന്തം നാടിന്റെ വികസനമായിരുന്നു. വികസനത്തിന്റെ പുതിയ ആകാശത്തിനായുള്ള കാത്തിരിപ്പ്. ആഗ്രഹിച്ചപ്പോഴൊന്നും കേരളത്തിലേക്ക് മടങ്ങിവരാൻ കഴിഞ്ഞില്ല. എന്നാൽ കണ്ണൂർ വിമാനത്താവളവുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്. സ്വന്തം നാട്ടിൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്.
കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണം ഒരു വെല്ലുവിളിയായി ഏറ്റെടുത്തതാണ്.  ഏറ്റെടുക്കുന്ന കാലത്ത് തന്നെ വലിയ വിമാനത്താവളമായി ഉയർന്നു വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതു മുതൽ അവസാനഘട്ടം വരെ വലിയ തർക്കങ്ങളും എതിർ ശബ്ദങ്ങളുമൊന്നുമില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞു. ഉദ്യോഗസ്ഥരും നാട്ടുകാരും ഒറ്റ മനസോടെ ഒന്നിച്ചുപ്രവർത്തിച്ചതാണ് ഈ സ്വപ്ന പദ്ധതി അതിവേഗം യാഥാർത്ഥ്യമാകാൻ കാരണമായത്
വി. തുളസീദാസ്