kannur

ഒറിഗോൺ(യു.എസ് )​, ഇർഫർട്ട് (ജർമ്മനി)​ സർവകലാശാലകളുമായി യോജിച്ച് പ്രവർത്തിക്കാൻ ധാരണ

കണ്ണൂർ : അമേരിക്കയിലെ ഒറിഗോൺ, ജർമനിയിലെ ഇർഫർട്ട് എന്നീ സർവ്വകലാശാലകളുമായി സഹകരിച്ച് പ്രവർത്തിക്കുവാനുള്ള ഉടമ്പടി ഒപ്പുവെക്കാൻ കണ്ണൂർ സർവകലാശാലയുടെ തീരുമാനം. പയ്യന്നൂർ കാമ്പസിലെ ഇൻസ്ട്രുമെന്റേഷൻ സെന്ററിലേക്ക് 2.20 ലക്ഷം രൂപയുടെ അത്യാധുനിക ഉപകരണങ്ങൾ വാങ്ങാനും അനുമതി നൽകി.

എൻഡോസൾഫാൻ ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകും. സ്വാശ്രയ കോളേജുകളിലെ പിന്നോക്ക വിഭാഗം വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ത്വരിതപ്പെടുത്താൻ സർക്കാരിനെ സമീപിക്കും.അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലുകളെ സർവകലാശാല സെല്ലുമായി ബന്ധിപ്പിച്ച് അക്കാഡമിക, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കും.

സർവകലാശാല ലൈബ്രറിയുടെ ഡിജിറ്റലൈസേഷന്റെ ഭാഗമായി അറിവുകൾ പൊതുസമൂഹത്തിന് കൂടി ഉപയുക്തമാകും വിധം ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായി ശാസ്ത്രബോധം വളർത്തുന്നതിനാവാശ്യമായ പരിപാടികൾ സംഘടിപ്പിക്കും. കണ്ണൂർ സർവകലാശാല വാർഷിക റിപ്പോർട്ടിനും അംഗീകാരം നൽകി.