നീലേശ്വരം: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാകാൻ തൈക്കപ്പുറം ഇനിയും കാത്തിരിക്കണം. അഴിത്തലയിൽ കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി ടൂറിസം വികസനത്തിന് 5 കോടി രൂപ അനുവദിച്ചത് വളരെ പ്രതീക്ഷയോടെയാണ് നാട്ടുകാർ കാണുന്നത്.
ചിൽഡ്രൻസ് പാർക്ക്, നാച്വറൽ പൂൾ, ഫുട് കോർട്ട്, ആധുനിക രീതിയിലുള്ള നടപ്പാത, റസ്റ്റോറന്റ്, ഫുട്ബാൾ, വോളിബാൾ കോർട്ട് തുടങ്ങിയവ നിർമ്മിക്കാനാണ് തുക അനുവദിച്ചിട്ടുള്ളത്. എന്നാൽ പ്ലാനിംഗ് ബോർഡ് ഉൾപ്പെടെ ഇനിയും പച്ചക്കൊടി കാട്ടാനുണ്ടെന്നത് നാട്ടുകാർ കാണുന്നുണ്ട്.
അതിനിടെ തീരദേശ പരിപാലന (സി.ആർ.സെഡ്) നിയമം പാലിക്കേണ്ട സ്ഥലത്ത് നിർമ്മാണം പാടില്ലെന്ന വാദവും ഉയർന്നിട്ടുണ്ട്. ഇവിടം കടലാമ പ്രജനന കേന്ദ്രമാണെന്നുള്ള പ്രചാരണവും നടക്കുന്നുണ്ട്. ഇത് മനസിലാക്കിയ നീലേശ്വരം നഗരസഭ അധികൃതർ സമ്പൂർണ്ണമായ രേഖകൾ ജില്ലാ കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. ടൂറിസം വികസനത്തിന് സി.ആർ.സെഡ് ബാധകമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം
അഴിത്തലയിൽ പുലിമുട്ട് പദ്ധതി നിലവിൽ വന്നതിനുശേഷം നിത്യേന നൂറ് കണക്കിന് സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്. അവധി ദിവസങ്ങളിൽ സന്ദർശകരെ നിയന്ത്രിക്കാൻ തീരദേശ പൊലീസ് തന്നെ രംഗത്തിറങ്ങാറുമുണ്ട്. അതുകൊണ്ടുതന്നെ അഴിത്തലയിൽ എത്രയും പെട്ടെന്ന് ആധുനിക രീതിയിലുള്ള ടൂറിസ്റ്റ് കേന്ദ്രം വരണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കുന്നു.