crab
പുഴ ഞണ്ടുകൾ

പട്ടുവം: കൊവിഡിനെ തുടർന്ന് വിദേശവിപണി ലഭിക്കാത്തത് പട്ടുവത്തെ പുഴ ഞണ്ടു കയറ്റുമതിയെ ബാധിച്ചു. പ്രാദേശിക വിപണിയിൽ തന്നെ വിറ്റഴിക്കുന്നത് നാട്ടുകാർക്ക് സൗകര്യമായെങ്കിലും തൊഴിലാളികൾക്ക് കടുത്ത നിരാശയാണ് ഫലം.

ചൈനയിലേക്കാണ് പ്രധാനമായും ഞണ്ടുകൾ കയറ്റി അയച്ചിരുന്നത്. ദുബായ്, തയ്ലൻഡ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും ഞണ്ടുകളെ കയറ്റിയയച്ചിരുന്നു. എന്നാൽ കൊവിഡിനെ തുടർന്ന് കയറ്റുമതി നിശ്ചലമായതോടെ ഞണ്ടുപിടിത്തക്കാരുടെ ഉത്സാഹവും കെട്ടടങ്ങി.

കൊവിഡിന്റെ ആദ്യനാളുകളിൽ തന്നെ ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി നിശ്ചലമായിരുന്നു. എന്നാൽ, ഒരിടവേളയ്ക്ക് ശേഷം ചൈനയിലേക്ക് ഞണ്ടുകൾ കയറ്റി അയയ്ക്കാൻ തുടങ്ങിയത് മേഖലയിൽ പ്രതീക്ഷ നിറച്ചുവെങ്കിലും പിന്നെയും കയറ്റുമതിയിൽ തടസം നേരിട്ടു.

ഒറ്റ ഞണ്ടിന് കിട്ടിയിരുന്നു ₹2000

900 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ തൂക്കമുള്ള ഡബിൾ എക്സ് എൽ വിഭാഗത്തിൽ വരുന്ന പട്ടാള പച്ച നിറമുള്ള ഞണ്ടിന് കിലോഗ്രാമിന് 2000 രൂപ വരെ മത്സ്യത്തൊഴിലാളികൾക്ക് വില ലഭിച്ചിരുന്നതായി തൊഴിലാളികൾ പറയുന്നു. ചെമ്മൺ നിറമുള്ള കല്ലുഞണ്ടുകൾക്കാണ് ചൈനയിൽ ഏറേപ്രിയം. എറണാകുളം വഴിയാണ് ഞണ്ടു കയറ്റിപ്പോയത്. ചെന്നൈ വഴിയും കയറ്റുമതി നടന്നിരുന്നു.

പ്രാദേശിക വിപണിയിൽ ഇപ്പോൾ 1000 രൂപയാണ് എക്സ് എൽ വിഭാഗത്തിലെ ഞണ്ടുകൾക്ക് ഇപ്പോൾ ഈടാക്കുന്നത്. വലുപ്പമുള്ളത് 700 രൂപ, മീഡിയം 300 രൂപ, റെഡ് 340 രൂപ എന്നിങ്ങനെയും വില്പന നടത്തുന്നു. അതേസമയം കയറ്റുമതി നിലച്ചതോടെ പുഴയിലേക്ക് ഇറങ്ങുന്ന ഞണ്ടു പിടുത്തക്കാരുടെ എണ്ണം കുറഞ്ഞു. റിംഗും ചിക്കൻ കാലും ഉപയോഗിച്ചുള്ള ശ്രമകരമായ ഞണ്ടുപിടിത്തവും ഇപ്പോൾ പുഴയിലില്ല. ഇതിന് പകരം മത്സ്യബന്ധനത്തിനുപയോഗിക്കുന്ന കൂറ്റൻ വലയിറക്കിയാണ് ഞണ്ടുപിടിത്തം.