sun

കണ്ണൂർ: വേനൽ കനക്കുകയാണെങ്കിലും കുടിവെള്ള ക്ഷാമമോർത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന് വാട്ടർ അതോറിറ്റി. ജില്ലയിലെ ജല സ്രോതസുകളിലെല്ലാം തന്നെ ആവശ്യത്തിനുള്ള വെള്ളമുണ്ടെന്നും ജലാശയങ്ങൾ സജ്ജമാണെന്നും വകുപ്പ് പറയുന്നു.

വരൾച്ച മുൻകൂട്ടി കണ്ട് കുടിവെള്ള സ്‌കീമുകളുടെ പ്രവൃത്തികൾക്ക് നേരത്തെ തന്നെ തുക നീക്കി വയ്ക്കുകയും ബന്ധപ്പെട്ട വകുപ്പ് അതിനനുസരിച്ചുള്ള പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ തവണ ലോക്ക് ഡൗണിനെ തുടർന്ന് പ്രവൃത്തി നടത്തുവാൻ വലിയ പ്രയാസമാണ് നേരിട്ടത്. 2019-20 സാമ്പത്തിക വർഷത്തിൽ സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും വരൾച്ചാ ദുരിതാശ്വാസ പദ്ധതി ഇനത്തിൽ കുടിവെള്ള സ്‌കീമുകളുടെ പ്രവൃത്തികൾക്ക് 22.15 കോടി രൂപയാണ് അനുവദിച്ചത്. ജലസ്രോതസ്സുകളിൽ നിന്നും ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം തടയാൻ വേനൽക്കാലത്ത് നിർമിക്കുന്ന താത്കാലിക തടയണ, തദ്ദേശ സ്വയംഭരണ വകുപ്പിനും റവന്യു വകുപ്പിനും ടാങ്കറിൽ ജലം എടുക്കാനായി പ്രത്യേക വെൻഡിംഗ് പോയിന്റുകൾ സ്ഥാപിക്കുക, പ്രാദേശിക സാഹചര്യം മുൻനിർത്തി സ്രോതസിലെ മണ്ണും ചെളിയും നീക്കം ചെയ്യൽ, നീരൊഴുക്ക് വർദ്ധിപ്പിക്കുവാനായി ചാനൽ കീറി ജലസ്രോതസുകളിൽ ജലലഭ്യത ഉറപ്പു വരുത്തുക എന്നിവയാണ് ദുരിതാശ്വാസ പദ്ധതി ഇനത്തിൽ വരുന്ന കുടിവെള്ള സ്‌കീം പ്രവർത്തികൾ.

കൂടാതെ ജലശുദ്ധീകരണശാലയുടെ സ്ഥാപിത ശേഷി പൂർണമായും ഉപയോഗപ്പെടുത്തുന്ന രീതിയിൽ പുനരുദ്ധാരണ നവീകരണ പ്രവൃത്തികളും വിതരണ ശൃംഖല ശക്തിപ്പെടുത്തലും ഘട്ടംഘട്ടമായി നടപ്പാക്കിയും ലഭ്യമായ ജലം കഴിയുന്നതും തുല്യമായി വിതരണം ചെയ്യുവാൻ ആവശ്യമായ വാൽവ് ക്രമീകരണങ്ങൾ നടത്തിയും അടിയന്തര സാഹചര്യങ്ങളിൽ ടാങ്കർ ലോറികളിൽ ജലവിതരണം നടത്തുന്നതിന് ആവശ്യമായ സ്ഥലങ്ങളിൽ കിയോസ്‌കുകൾ സ്ഥാപിക്കാനും വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്.

കൂടുതൽ ജല ദൗർലഭ്യം കൂടുതൽ ഇവിടെ

കൊളച്ചേരി, നാറാത്ത്, മയ്യിൽ, കുറ്റ്യാട്ടൂർ, കൂടാളി, മുണ്ടേരി, തില്ലങ്കേരി, കീഴല്ലൂർ പഞ്ചായത്തുകളിലും ഇരിട്ടി, മട്ടന്നൂർ മുനിസിപ്പാലിറ്റി, കണ്ണൂർ കോർപ്പറേഷനിലെ മാളികപറമ്പ് എന്നിവിടങ്ങളിലും

ജില്ലയിൽ വരൾച്ച സംബന്ധിച്ചുള്ള ആശങ്ക വേണ്ട. നമ്മുടെ ജലാശയങ്ങൾ എല്ലാം സജ്ജമാണ്. ആവശ്യമായ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്
വാട്ടർ അതോറിറ്റി, കണ്ണൂർ